രാഹുല്‍ ഗാന്ധിക്കെതിരേയുള്ള അശ്ലീല പരാമര്‍ശം: മുന്‍ എംപി ജോയസ് ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

Update: 2021-03-30 05:22 GMT
രാഹുല്‍ ഗാന്ധിക്കെതിരേയുള്ള അശ്ലീല പരാമര്‍ശം: മുന്‍ എംപി ജോയസ് ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി രാഹുല്‍ ഗാന്ധിയെ അപമാനിച്ച മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജിനെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുമായി ഇടപഴകുന്നത് സംബന്ധിച്ച് ജോയ്‌സ് ജോര്‍ജ് നടത്തിയ അശ്ലീല പരാമര്‍ശം പൊറുക്കാനാവാത്തതാണ്. മന്ത്രി എം.എം മണി ഉള്‍പ്പെടെയുള്ളവര്‍ സദസ്സിലിരുന്ന് ഈ പരാമര്‍ശത്തിന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണെന്നും ചെന്നിത്തല പറഞ്ഞു.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ജനങ്ങളോട് ഇടപഴകിയാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സങ്കോചങ്ങളില്ലാതെ അദ്ദേഹത്തോട് പെരുമാറുന്നത് രാഹുല്‍ ഗാന്ധിയോടുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവാണ്. വനിതാ കോളജിലെ ചടങ്ങുകളില്‍ ആയോധനകല പഠിപ്പിച്ചുതരാന്‍ പറയുന്ന കുട്ടികള്‍ക്ക് അതിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു നല്‍കുന്നത് ഒരു നേതാവ് എപ്രകാരം ജനങ്ങളുമായി ഇടപഴകണം എന്നതിന്റെ ഉദാഹരണങ്ങളാണ്. അഹന്തകളില്ലാത്ത, നാട്യങ്ങളില്ലാത്ത ഒരു സാധാരണക്കാരന്‍ മാത്രമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവായ രാഹുല്‍ ഗാന്ധി. നിര്‍ലോഭമായ സ്‌നേഹം അതുകൊണ്ടുതന്നെ ജനങ്ങള്‍ അദ്ദേഹത്തിന് നല്കുന്നു. എന്നാല്‍ രാഷ്ട്രീയത്തിലെ എല്ലാ മാന്യതകളും മറന്നുകൊണ്ടായിരുന്നു മുന്‍ ഇടുക്കി എം.പിയുടെ പരാമര്‍ശങ്ങള്‍. രാഹുല്‍ ഗാന്ധിയെ മാത്രമല്ല, സ്ത്രീകളെ മുഴുവന്‍ അപമാനിച്ചിരിക്കുകയാണ് ജോയ്‌സ് ജോര്‍ജ്ജ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

ജോയ്‌സ് ജോര്‍ജ്ജിന്റെ അശ്ലീല പരാമര്‍ശത്തെക്കുറിച്ച് കേരളത്തിലെ സാംസ്‌കാരിക നായകരുടെ മൗനം ദയനീയമാണ്. പിണറായി വിജയന്‍ ഇരിക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു ഇക്കൂട്ടര്‍. വനിതാ കമ്മീഷന് ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച, മുഴുവന്‍ സ്ത്രീകളെയും അപമാനിച്ച ജോയ്‌സ് ജോര്‍ജ്ജിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

രാഹുല്‍ ഗാന്ധിക്കു മുന്നില്‍ പെണ്‍കുട്ടികള്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുത്. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു ജോയ് ജോര്‍ജ് ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തില്‍ പ്രസംഗിച്ചത്. ആ സമയത്ത് എം എം മണി അടക്കുമുള്ളവര്‍ അടങ്ങുന്ന സദസ്സ് കൂട്ടച്ചിരി ചിരിച്ച് ജോയ്‌സ് ജോര്‍ജിന് പിന്തുണ നല്‍കി.

Tags:    

Similar News