ചെമ്പൂച്ചിറ സ്‌കൂള്‍ കിഫ്ബിയുടെ അഴിമതി മാതൃകയെന്ന് ചെന്നിത്തല

Update: 2022-03-30 09:58 GMT

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ചെമ്പൂച്ചിറയിലെ സ്‌കൂള്‍ കെട്ടിടം കിഫ്ബിയുടെ അഴിമതിയുടെ മികച്ച മാതൃകയാണെന്ന് ചെന്നിത്തല. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഈ കെട്ടിടത്തിലെ നിര്‍മാണത്തിലെ പാളിച്ചചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഇടത് സര്‍ക്കാരിന്റെ അഴിമതി മോഡലായി ഇത് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പണി തീര്‍ന്ന് ഏറെ കഴിയും മുമ്പ് നിര്‍മാണത്തിലെ പാളിച്ചകൊണ്ട് സ്‌കൂള്‍ കെട്ടിടം പൊളിച്ചുനീക്കുന്ന സംഭവത്തെക്കുറിച്ചെഴുതിയ കുറിപ്പിലാണ് ചെന്നിത്തലയുടെ വിമര്‍ശനം.

''തൃശൂര്‍ ജില്ലാ ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിടം പൊളിച്ചു മാറ്റുന്നു എന്ന വാര്‍ത്ത കേട്ട ഞാന്‍ ഒട്ടും ഞെട്ടിയില്ല. ഈ കെട്ടിട നിര്‍മാണ സമയത്തു നിലവാരമില്ലാത്ത രീതിയില്‍ ഈ കെട്ടിടം പണിയുന്നു എന്ന ആരോപണം ലഭിച്ചിരുന്നു, അന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഈ കെട്ടിട നിര്‍മാണം നേരില്‍ കാണുകയും, ഞാന്‍ നിരീക്ഷിച്ച പാളിച്ചകള്‍ ചൂണ്ടി കാണിക്കുകയും ചെയ്തിരുന്നു. അന്ന് ഞാന്‍ ആരോപിച്ചത് പോലെ തന്നെ കിഫ്ബി മുഖേന ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ഒരു ഉദാഹരണം മാത്രമാണ് ഈ സ്‌കൂള്‍ കെട്ടിടം.

മുഖ്യമന്ത്രി മോഡല്‍ സ്‌കൂള്‍ എന്ന് പ്രഖ്യാപിച്ച വിദ്യാലയം ആണിത്. പക്ഷെ ഇത് ഇടതു സര്‍ക്കാരിന്റെ അഴിമതി മോഡല്‍ ആയി മാറി ഇരിക്കുന്നു.

പിഞ്ചു കുട്ടികളുടെ ജീവന്‍ പണയപ്പെടുത്തി ഇത്തരത്തില്‍ ഉള്ള അഴിമതികള്‍ ചെയ്യുന്ന സര്‍ക്കാര്‍ തങ്ങളുടെ അഴിമതി മാതൃക തിരുത്തണം''- ചെന്നിത്തല പറഞ്ഞു.

Tags:    

Similar News