ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങും; പ്രഖ്യാപനം നാളെ രാവിലെ തിരുവനന്തപുരത്ത്
നാളെ രാവിലെ 11.30ന് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ രാവിലെ 11ന് സന്ദര്‍ശിച്ചതിന് ശേഷമാവും കേണ്‍ഗ്രസിലേക്കുള്ള പ്രഖ്യാപനം നടത്തുക.
തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിന് ശേഷം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. നാളെ രാവിലെ 11.30ന് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ രാവിലെ 11ന് സന്ദര്‍ശിച്ചതിന് ശേഷമാവും കേണ്‍ഗ്രസിലേക്ക് മടങ്ങുന്ന പ്രഖ്യാപനം നടത്തുക.
നേരത്തെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന ഫിലിപ്പിന് മതിയായ പരിഗണന ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പലഘട്ടത്തിലും വ്യക്തമാക്കിയിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന അപ്രസക്ത പദവി ഫിലിപ്പിന് സിപിഎം നല്‍കിയെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു. ഇതിന് മുന്‍പ് രാജ്യസഭ സീറ്റ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. ആ ഘട്ടത്തില്‍ കേരള രാഷ്ട്രീയ ചരിത്ര രചന കൂടുതല്‍ ഗവേഷണവും സമയവും ആവശ്യമായ ജോലിയാണെന്ന് പരിഹാസരൂപേണ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.
ഇതിന് പുറമെ, കഴിഞ്ഞ ദിവസം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ തന്നെ ഫിലിപ്പ് വിമര്‍ശിച്ചിരുന്നു. അതേ സമയം, ഉമ്മന്‍ചാണ്ടിയെ വാനോളം പുകഴ്തി അദ്ദേഹം രംഗത്ത് വരികയും ചെയ്തിരുന്നു.