മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചീങ്കണ്ണികളെന്ന് ചെറിയാന്‍ ഫിലിപ്പ്; ചെറിയാനെ കോണ്‍ഗ്രസുകാരനായി കണ്ടാല്‍ മതിയെന്ന് വിജയരാഘവന്‍

മന്ത്രിസഭാംഗങ്ങള്‍ക്കും സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയെ ഭയമാണ്. സിഎം രവീന്ദ്രന്‍ സൂപ്പര്‍ സിഎം കളിക്കുകയാണ്

Update: 2021-10-29 11:51 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള ചിലയാളുകള്‍ വെറും ചീങ്കണ്ണികളാണെന്ന് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ ചെറിയാന്‍ ഫിലിപ്പ്്. ഓഫിസില്‍ നടക്കുന്നത് മുഖ്യമന്ത്രി അറിയുന്നില്ല. സിഎം രവീന്ദ്രന്‍ സൂപ്പര്‍ സിഎം കളിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ എറ്റവുമധികം വഷളാക്കിയത് രവീന്ദ്രനാണ്. എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമുള്ളയാള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ സര്‍വ്വാധികാരി. മുഖ്യമന്ത്രിയെ അപ്രാപ്യനാക്കിയത് സിഎം രവീന്ദ്രനാണ്. പിണറായി വിജയന്‍ ഇപ്പോഴും തന്റെ സുഹൃത്താണ്. പിണറായി ശുദ്ധനാണ്, അതുകൊണ്ടാണ് അപകടത്തിലേയ്ക്ക് പോകരുതെന്ന് പറയുന്നത്. മന്ത്രിസഭാംഗങ്ങള്‍ക്കും സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ വേദനയുണ്ട്. നിയമസഭയിലേയ്ക്ക് സീറ്റ് തരാമായിരുന്നു. കാര്യങ്ങള്‍ കൃത്യമായി പറയാന്‍ സിപിഎം തയ്യാറായില്ല. ഇന്ന കാരണം കൊണ്ട് സീറ്റ് തരാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ അത് മനസിലാക്കുമായിരുന്നു. പക്ഷേ അത് പറഞ്ഞില്ല.

പല കാര്യങ്ങളും മുഖ്യമന്ത്രിയോട് നേരിട്ട് പറയാന്‍ ആളുകള്‍ മടിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള കോക്കസിന്റെ പിടിയിലാണ് പിണറായി വിജയനെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.

അതേസമയം, ചെറിയാന്‍ ഫിലിപ്പിന് മറുപടിയുമായി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് സുതാര്യമാണ്. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസുകാരനായി കണ്ടാല്‍ മതി. ഇപ്പോള്‍ അദ്ദേഹം ഇടതു സഹയാത്രികനല്ല. കേരളത്തിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News