രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യല്‍ അവസാനിക്കുംവരെ പ്രതിഷേധവും തുടരുമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി

Update: 2022-06-14 17:22 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നിടത്തോളം കാലം കോണ്‍ഗ്രസ് പ്രതിഷേധവും തുടരുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. രാജ്യത്തുടനീളം തുടരുന്ന പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയെ ഇ ഡി അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് നിഷേധാത്മകമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. 'ഒരു കേസും ഇല്ലാതെ പോലും അവര്‍ക്ക് അവനെ അറസ്റ്റ് ചെയ്യാന്‍ കഴിയും. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല, കാരണം അവരുടെ കയ്യില്‍ തെളിവുകളൊന്നുമില്ല. അവര്‍ അദ്ദേഹത്തിന്റെ അന്തസ്സ് കെടുത്താന്‍ ശ്രമിക്കുകയാണ്''- അദ്ദേഹം ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്നലെ 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രണ്ടാം ദിവസമാണ് രാഹുല്‍ ഗാന്ധിയെ 10 മണിക്കൂര്‍ കൂടി ചോദ്യം ചെയ്തത്. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യങ്ങള്‍.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

'രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നത് നിങ്ങള്‍ കണ്ടു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് കേന്ദ്രത്തിന് ഉത്തരമില്ല. അതിനാല്‍ ഈ സാഹചര്യത്തില്‍, അവര്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുന്നു. കോണ്‍ഗ്രസ്സിനെ അടിച്ചമര്‍ത്താന്‍ കഴിയില്ല' ബാഗേല്‍ പറഞ്ഞു.

പ്രതിഷേധത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ ഇന്നും ഡല്‍ഹി പോലിസ് മര്‍ദ്ദിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 'ഒരു വനിതാ പാര്‍ലമെന്റേറിയനെ ഗ്രൗണ്ടിലൂടെ വലിച്ചിഴച്ചു. മുതിര്‍ന്ന നേതാവിനെയും മര്‍ദ്ദിച്ചു'- അദ്ദേഹം പറഞ്ഞു.

Tags:    

Similar News