ഭോപ്പാല്‍: ഛത്തീസ്ഗഢിന്റെ അടുത്ത മുഖ്യമന്ത്രിയായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിഷ്ണു ദേവ് സായിയെ നിയമിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎല്‍എമാരുടെ യോഗത്തിലാണ് ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ജനസംഖ്യയുടെ 32 ശതമാനം ആദിവാസികള്‍ വരുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ഒരു ഗോത്രവര്‍ഗ നേതാവിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളായ 59 കാരനായ ഇദ്ദേഹം സായി എന്നാണറിയപ്പെടുന്നത്. നാല് തവണ എംപിയും 2020 മുതല്‍ 2022 വരെ ബിജെപി ഛത്തീസ്ഗഡ് സംസ്ഥാന പ്രസിഡന്റായിരുന്നു. നേരത്തേ, ബിജെപി ദേശീയ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. 1990 മുതല്‍ 1998 വരെ എംഎല്‍എയായിരുന്നു സായി. 1999 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ഗഡ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സഹമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മോദിയുടെ ഉറപ്പുകള്‍ സര്‍ക്കാരിലൂടെ നിറവേറ്റാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 90 അംഗ നിയമസഭയില്‍ 54 സീറ്റുകള്‍ നേടിയ ബിജെപി കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്തിരുന്നു.