രൂപവ്യതിയാനമുള്ള കുഞ്ഞ് ജനിച്ച സംഭവം: ജനിതക പരിശോധന നടത്തും
അമ്മയുടെയും കുഞ്ഞിന്റെയും രക്തസാംപിള്‍ തിരുവനന്തപുരത്തേക്ക് അയച്ചാകും പരിശോധന.
ആലപ്പുഴ: അസാധാരണ രൂപത്തില്‍ കുഞ്ഞുപിറന്ന സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി കുഞ്ഞിനെ ഒന്നരമണിക്കൂറോളം പരിശോധിച്ചു. പ്രശ്‌നങ്ങളുടെ കാരണം കണ്ടെത്താന്‍ ജനിതകപരിശോധന നടത്താനും തീരുമാനമായി. അമ്മയുടെയും കുഞ്ഞിന്റെയും രക്തസാംപിള്‍ തിരുവനന്തപുരത്തേക്ക് അയച്ചാകും പരിശോധന.
ഗര്‍ഭകാലത്തു ചികിത്സിച്ച കടപ്പുറം വനിതശിശു ആശുപത്രിയിലെയും സ്‌കാനിങ് നടത്തിയ ശങ്കേഴ്‌സ്, മിഡാസ് എന്നീ സ്വകാര്യ ലാബുകളിലെയും ഡോക്ടര്‍മാരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. സ്ഥാപനങ്ങളിലെ സ്‌കാനിങ് സംവിധാനങ്ങളും വിലയിരുത്തി. കടപ്പുറം ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ ദീപ്തി, ഡോ. ഷേര്‍ലി, ഡോ. പുഷ്പ, വിവിധ സമയങ്ങളില്‍ ഗര്‍ഭകാല ചികിത്സ നടത്തിയ മറ്റു മൂന്നു ഡോക്ടര്‍മാര്‍ എന്നിവരില്‍നിന്നാണ് മൊഴിയെടുത്തത്. ഡിസംബര്‍ മൂന്നിനോ നാലിനോ ആരോഗ്യമന്ത്രിക്കു റിപോര്‍ട്ട് നല്‍കും.
സ്‌കാനിങ് റിപോര്‍ട്ടില്‍ ഒരേ ഡോക്ടറുടെ രണ്ട് ഒപ്പുവന്നതിനെക്കുറിച്ചും ആരോഗ്യവകുപ്പ് അന്വേഷിക്കും. മിഡാസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഒരേ ഡോക്ടര്‍ രണ്ടു തരത്തില്‍ ഒപ്പിട്ടതായി കണ്ടെത്തിയത്.