മഥുരയില്‍ മാതാവിനോടൊപ്പം ഉറങ്ങുന്നതിനിടയില്‍ മോഷ്ടിക്കപ്പെട്ട കുഞ്ഞ് ബിജെപി നേതാവിന്റെ വീട്ടില്‍; 8 പേരെ അറസ്റ്റ് ചെയ്തു
ലഖ്‌നൗ: അമ്മയോടൊപ്പം മഥുര റെയില്‍വേ സ്‌റ്റേഷനില്‍ ഉറങ്ങുന്നതിനിടയില്‍ മോഷ്ടിക്കപ്പെട്ട കുഞ്ഞിനെ 100 കിലോമീറ്റര്‍ അകലെ ഫിറോസാബാദില്‍ കണ്ടെത്തി. ബിജെപിയുടെ കോര്‍പറേഷന്‍ വനിതാകൗണ്‍സിലറുടെ വീട്ടില്‍നിന്നാണ് കുഞ്ഞിനെ കണ്ടെടുത്തത്. കുട്ടികളെ തട്ടിയെടുത്ത് വില്‍ക്കുന്ന വലിയൊരു റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ 8 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.
ബിജെപി കൗണ്‍സിലര്‍ വിനിത അഗര്‍വാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിനെ പോലിസിന് ലഭിച്ചത്. 1.8 ലക്ഷം രൂപക്ക് രണ്ട് ഡോക്ടര്‍മാരുടെ കയ്യില്‍നിന്ന് കുഞ്ഞിനെ വാങ്ങിയെന്നാണ് ഇവര്‍ മൊഴിനല്‍കിയത്. ഈ സംഘത്തില്‍ രണ്ട് ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. ദമ്പതിമാര്‍ക്ക് ഒരു മകളുണ്ട്.
ഇതുവരെ എട്ട് പേരെയാണ് ഫിറോസാബാദ് പോലിസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ തട്ടിയെടുക്കുന്ന വീഡിയോ ക്ലിപ്പിലുള്ളയാളെയും അറസ്റ്റ് ചെയ്തു. പ്ലാറ്റ് ഫോമില്‍നിന്ന് മാതാവിന്റെ അടുത്തുനിന്ന് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ തട്ടിയെടുത്തോടുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പോലിസും അഭ്യര്‍ത്ഥിച്ചു.
റെയില്‍വേ പോലിസ് തന്നെയാണ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കുവച്ചത്. കൂടാതെ ജനങ്ങളുടെ സാഹയവും തേടി.
ഇന്ന് റെയില്‍വേ പോലിസ് പുറത്തുവിട്ട വീഡിയോവില്‍ കുഞ്ഞിനെ മാതാവിന് കൈമാറുന്ന ദൃശ്യങ്ങളുണ്ട്. രണ്ട് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളുമുണ്ട്. 500 രൂപയുടെ ഏതാനും കെട്ട് നോട്ടുകള്‍ പോലിസിന് കൈമാറുന്നതും ദൃശ്യത്തിലുണ്ട്. പണത്തിനുവേണ്ടി കുട്ടികളെ തട്ടിയെടുത്ത് വില്‍ക്കുന്നവരാണ് ഈ സംഘമെന്ന് പോലിസ് കരുതുന്നു. കുട്ടിയെ തട്ടിയെടുത്തത് ദീപ കുമാര്‍ എന്നയാളാണ്.
'ദീപ് കുമാര്‍ എന്ന വ്യക്തിയാണ് കുട്ടിയെ കൊണ്ടുപോയതെന്ന് ഞങ്ങള്‍ കണ്ടെത്തി. അയല്‍പ്പക്കത്തെ ഹാഥ്രസ് ജില്ലയില്‍ ഒരു ആശുപത്രി നടത്തുന്ന രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തിലെ അംഗമാണ് ഇയാള്‍. മറ്റ് ചില ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കുണ്ട്. കുട്ടിയെ വാങ്ങിയ കുടുംബത്തെ കണ്ടെത്തി. അവര്‍ക്ക് ഒരു മകള്‍ മാത്രമേയുള്ളൂ, അതിനാല്‍ ഒരു മകനെ വേണമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് അവര്‍ കരാര്‍ ഉണ്ടാക്കിയത്''- മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
യുപിയിലെ മഥുര റെയില്‍വേ സ്‌റ്റേഷനില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന 7 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് പ്രതി മോഷ്ടിച്ചത്. കുഞ്ഞിനെ നിരീക്ഷിക്കുന്നതിന്റേയും എടുത്തോടുന്നതിന്റേയും വീഡിയോ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. പോലിസ് ഇത് ശേഖരിച്ച് വ്യാപകമായി പ്രചരിപ്പിച്ചു. കാസ്ഗഞ്ച്, ബദൗണ്‍, ബറേലി മേഖലകളിലുള്ളര്‍ തങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വീഡിയോ പ്രചരിപ്പിക്കണമെന്ന് പോലിസ് അഭ്യര്‍ഥിച്ചു.