ചൈന, അരുണാചല്‍ പ്രദേശിലെ 15 സ്ഥലങ്ങളെ പുനര്‍നാമകരണം ചെയ്തു; പ്രതിഷേധവുമായി ഇന്ത്യ

Update: 2021-12-31 02:11 GMT

ന്യൂഡല്‍ഹി: ചൈന അരുണാചല്‍ പ്രദേശിലെ 15 പ്രദേശങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ പേര് നല്‍കിയതിനെതിരേ പ്രതിഷേധവുമായി ഇന്ത്യ. അരുണാചല്‍ പ്രദേശ് എന്നും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ഭാവിയിലും അങ്ങനെയായിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബഗാച്ചി അറിയിച്ചു. പേര് മാറ്റിയതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മാറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അരുണാചല്‍ പ്രദേശ് തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റാണെന്നാണ് വിശദീകരണം. 2017ലും ചൈന അരുണാചലിലെ പ്രദേശങ്ങള്‍ക്ക് സ്വന്തം ഭാഷയിലെ പേര് നല്‍കിയിരുന്നു.

' അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാന്‍ ചൈന ശ്രമിക്കുന്നത് ഇതാദ്യമല്ല. 2017 ഏപ്രിലിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു'- ബഗാച്ചി പറഞ്ഞു.

'അരുണാചല്‍ പ്രദേശ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കുന്നത് ഈ വസ്തുതയില്‍ മാറ്റമുണ്ടാക്കുന്നില്ല,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈന, അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ബഗാച്ചി.

ചൈനീസ് വ്യോമയാന വകുപ്പാണ് ബുധനാഴ്ച മാറിയ പേരുകള്‍ പുറത്തുവിട്ടത്. സാങ്‌നാനിലെ 15 പ്രദേശങ്ങളുടെ പേര് മാറ്റിയെന്നാണ് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തത്. അരുണാചല്‍ പ്രദേശിന്റെ ചൈനീസ് പേരാണ് സാങ്‌നാന്‍.

താമസപ്രദേശങ്ങള്‍, താഴ് വരകള്‍, മലനിരകള്‍, നദികള്‍ എന്നിവയുടെ പേരുകളാണ് ചൈനീസ് ഭാഷയിലേക്ക് മാറ്റിയിരിക്കുന്നത്. സ്ഥലങ്ങളുടെ അക്ഷാംശ, രേഖാംശങ്ങളും നല്‍കിയിട്ടുണ്ട്.

2017ല്‍ ചൈന അഞ്ച് പ്രദേശങ്ങളുടെ പേര് മാറ്റിയിരുന്നു.

Tags:    

Similar News