മാനന്തവാടി സ്‌കൂളിലെ ശിരോവസ്ത്ര വിലക്കിനു പിന്നില്‍ തീവ്രസ്വഭാവമുള്ള ക്രിസ്ത്യന്‍ സംഘടന
കേരളത്തിലെ എല്ലാ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളിലും ശിരോവസ്ത്രം വിലക്കണമെന്ന് 'കാസ'. സ്‌കൂളില്‍ ശിരോവസ്ത്രം അനുവദിക്കില്ലെന്ന് മാനന്തവാടി സ്‌കൂള്‍ പ്രധാനാധ്യാപിക ഉറപ്പു നല്‍കിയെന്നും ക്രിസ്ത്യന്‍ തീവ്രവാദ സംഘടന
പിസി അബ്ദുല്ല
കല്‍പറ്റ: 93 വര്‍ഷമായി വിവാദങ്ങളില്ലാതെ പ്രവര്‍ത്തിച്ച മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ ശിരോവസ്ത്രം നിരോധിച്ചതിനു പിന്നില്‍ തീവ്ര ക്രൈസ്തവ സംഘടന. തങ്ങളുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രധാനാധ്യാപിക ശിരോവസ്ത്രത്തിനെതിരെ നിലപാടെടുത്തതെന്ന് 'കാസ' എന്ന സംഘടന തന്നെയാണ് ഔദ്യോഗിക ഫേസ് ബുക്ക് കുറിപ്പില്‍ വെളിപ്പെടുത്തിയത്.
''കൈ മറയ്ക്കുന്ന, തല മുഴുവന്‍ മറയ്ക്കുന്ന രീതിയില്‍ കുട്ടികളെ യുപി സെക്ഷനില്‍ വിടുന്നത് അംഗീകരിക്കരുത് എന്ന് 'കാസ' നിലപാട് പറയുകയും സിസ്റ്റര്‍(പ്രധാനാധ്യാപിക) ആ നിലപാട് കൃത്യമായിത്തന്നെ വെള്ള പേപ്പറില്‍ എഴുതി തന്നിട്ടുണ്ട്'' എന്ന് കാസ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ധൈര്യശാലിയായ ആ പ്രാധാന അധ്യാപിക തന്റെ നിലപാടില്‍ ഉറച്ചു നിന്നു. മാപ്പ് എഴുതി വാങ്ങിക്കുവാനും തിരുത്തി പറയിപ്പിക്കുവാനും രാഷ്ട്രീയ നേതൃത്വങ്ങള്‍ മുഴുവനും കൂടി. പക്ഷേ, 'കാസ' പ്രിന്‍സിപ്പല്‍ സിസ്റ്ററിനു ശക്തമായ പിന്തുണ നല്‍കി. നിലപാടില്‍ നിന്ന് പിന്നോട്ട് പോകരുത് എന്ന് അഭ്യര്‍ത്ഥിച്ചു''.
നാളെ മുതല്‍ മറ്റു ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ ഇതേ പോലെ കുട്ടികളെ പറഞ്ഞുവിട്ടാല്‍ മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ പ്രാധാന അധ്യാപക സിസ്റ്റര്‍ എ റോഷ്‌നസ് എടുത്ത നിലപാടുതന്നെ എല്ലാ സ്‌കൂള്‍ അധികൃതരും സ്വീകരിക്കണമെന്നും കാസ പോസ്റ്റില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ കടുത്ത വിദ്വേഷ പ്രചാരണങ്ങളുമായി മുന്നേറുന്ന സംഘടനയായ 'കാസ'ക്കെതിരെ സംസ്ഥാനത്ത് നിരവധി സംഘടനകള്‍ പരാതികള്‍ നല്‍കിയിട്ടും കേസ്സെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. എന്തെങ്കിലും പ്രകോപനമോ കാരണമോ ഇല്ലാതെ തന്നെ ഇസ് ലാമിനെ അധിക്ഷേപിക്കുകയും മുസ് ലിംകള്‍ക്കെതിരെ തീവ്രവിദ്വേഷം പരത്തുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ഈ സംഘടന നടത്തുന്നത്.
20007ല്‍ സദ്ധാം ഹുസൈനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്നു കേരളത്തില്‍ നടന്ന ഹര്‍ത്താലിന്റെ ഭാഗമായി കൊച്ചിന്‍ കാര്‍ണിവല്‍ മുടങ്ങിയിരുന്നു. ഇസ് ലാമിസ്റ്റുകളാണ് കൊച്ചിന്‍ കാര്‍ണിവല്‍ മുടക്കിയതെന്നാരോപിച്ച് സംഘപരിവാരവും ചില ക്രിസ്ത്യന്‍ സംഘടനകളും പ്രചാരണമാരംഭിച്ചു. അന്ന് രൂപീകരിച്ച പൈതൃക സംരക്ഷണ സമിതിയാണ് പിന്നീട് 'കാസ' എന്ന തീവ്രവാദ സംഘടനയായി മാറിയത്. ഹിന്ദു ഹെല്‍പ് ലൈന്‍ തുടങ്ങിയ തീവ്ര ഹിന്ദുത്വ, മുസ് ലിം വിരുദ്ധ പ്രചാരണ സംവിധാനങ്ങളുടെ ബി ടീമായി ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തവരാണ് 'കാസ'യുടെയും അണിയറയിലുള്ളത്.