സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പ്രഖ്യാപന സമ്മേളനം ചൊവ്വാഴ്ച തിരുവനന്തപുരത്ത്

ഹിന്ദുത്വ പ്രത്യയ ശാസ്ത്രം ഛിന്നഭിന്നമാക്കിയ ഇന്ത്യയെ തിരിച്ചു പിടിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്

Update: 2022-04-04 09:21 GMT

തിരുവനന്തപുരം: ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇടപെടലുകള്‍ക്കെതിരെ 'സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി 'എന്ന പേരിലുള്ള പൗരസമൂഹ കൂട്ടായ്മയുടെ പ്രഖ്യാപനസമ്മേളനം ചൊവ്വാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തീവ്ര വലത് വര്‍ഗ്ഗീയ രാഷ്ട്രീയം രാജ്യത്തെ ഇനി തിരിച്ചെടുക്കാനാകാത്ത വിധം ജീര്‍ണ്ണതയിലാക്കിയിരിക്കുന്നു. ഭരണഘടനയും ജനാധിപത്യവും മാത്രമല്ല മതനിരപേക്ഷത, ബഹുസ്വരത, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രാഷ്ട്ര സങ്കല്‍പ്പം, നിഷ്പക്ഷമായ നീതി വാഴ്ച, നിയമ വ്യവസ്ഥ എന്നിങ്ങനെ ജനാധിപത്യം വിഭാവനം ചെയ്യുന്ന മൂല്യ സങ്കല്‍പ്പങ്ങളെല്ലാം വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ദശാബ്ദങ്ങളിലൂടെ നാം ആര്‍ജിച്ചെടുത്ത വികസന മുന്നേറ്റത്തില്‍ നിന്നും രാജ്യം ബഹുദൂരം പിന്നാക്കം പോയിരിക്കുന്നു. പട്ടിണി മുതല്‍ മാധ്യമ സ്വാതന്ത്ര്യത്തില്‍ വരെ ലോക സ്ഥിതിവിവരക്കണക്കുകളില്‍ രാജ്യം നാണക്കേടിന്റെ പര്യായമായിരിക്കുന്നു. രാജ്യത്തെ ജനങ്ങളെ ഐക്യത്തിന്റെ ചരടില്‍ കോര്‍ക്കുന്ന സാഹോദര്യത്തിന്റെ നൂലുകളെല്ലാം പൊട്ടിച്ചെറിയപ്പെട്ടിരിക്കുന്നു. ഡല്‍ഹി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തലസ്ഥാനമായിരിക്കുന്നു. ഹിന്ദുത്വ പ്രത്യയ ശാസ്ത്രം ഛിന്നഭിന്നമാക്കിയ ഇന്ത്യയെ തിരിച്ചു പിടിക്കേണ്ടത് ചരിത്ര നിയോഗമാണ്; കാലത്തിന്റെ അനിവാര്യതയാണ്. അത്യന്തം ഭീഷണമായ ഈ കാലത്തെ നാം അതിജീവിച്ചേ തീരൂ.

പാര്‍ലമെന്ററി ജനാധിപത്യ മല്ലാതെ മറ്റൊരു ബദല്‍ രാഷ്ട്രീയ സംവിധാനം നമുക്കു സ്വീകാര്യമായി ഇന്ന് നിലവിലില്ല. പക്ഷേ, ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിച്ചിട്ടുള്ള അപചയത്തെ രാഷ്ട്രീയമായി മറികടക്കാനും അതിനെ മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്ന ഒരു പൗരസമൂഹ പ്രസ്ഥാനം അനിവാര്യമാണെന്ന ചിന്തയില്‍ നിന്നാണ് സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള സുഹൃത്തുക്കളാല്‍ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന മൂവ്‌മെന്റ് രൂപീകരിക്കപ്പെട്ടത്.

ജാതിമതവര്‍ഗ്ഗവര്‍ണ്ണ ലിംഗ ഭേദങ്ങള്‍ക്കതീതമായി ചിന്തിക്കുന്ന പൗരസമൂഹ കൂട്ടായ്മ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനൊരുക്കുന്ന കാവലും കരുതലുമാണ് 'സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി' എന്ന പ്രസ്ഥാനം. രാഷ്ട്രീയ പാര്‍ട്ടിയാകാതെയും അധികാര രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെയും ഒരു തിരുത്തല്‍ ശക്തിയായും സാമൂഹിക പ്രതിപക്ഷമായും നിലകൊള്ളുന്ന കൂട്ടായ്മയാണ് അത് വിഭാവനം ചെയ്യുന്നത്. മുഖ്യധാരയില്‍ നിന്ന് നിന്നും പുറത്താക്കപ്പെട്ട ആദിവാസികള്‍, ദലിതര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങള്‍, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ ഇരയാക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളെയാണ് സവിശേഷമായി സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി ഉള്‍കൊള്ളുന്നത്. നീതിയാണ് അതിന്റെ കൊടിയടയാളം. ഇരകളുടെ കുടിലില്‍ നീതിയെത്തിച്ചത് ഭരണഘടനയാണ്. അങ്ങനെയാണ് രാജ്യം ജാതിവാഴ്ചയില്‍ നിന്നും നീതി വാഴ്ചയിയിലെത്തിയത്. അതുവഴിയാണ് നിഷ്പക്ഷ നീതിയും നിയമവാഴ്ചയും ഒരു പരിധി വരെയെങ്കിലും ഉറപ്പായത്. ബഹുസ്വരവും മതേതരവുമായ നമ്മുടെ ദേശരാഷ്ട്ര സങ്കല്‍പ്പവും ജനാധിപത്യവും എക്കാലത്തേയും വലിയ വെല്ലുവിളി നേരിടുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ അതിജീവനത്തിന്റെ ബദല്‍വഴികള്‍ തെളിക്കുന്ന പൗരസമൂഹത്തെ സൃഷ്ടിക്കുന്ന അനിവാര്യ ദൗത്യമാണ് 'സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി'യിലൂടെ നിര്‍വ്വഹിക്കാന്‍ ആഗ്രഹിക്കുന്നത്.

എപ്രില്‍ 5 ന് വൈകീട്ട് മൂന്ന്് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ടിഎന്‍ജി ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനം എഴുത്തുകാരി ഡോ. സി എസ് ചന്ദ്രിക ഉദ്ഘാടനം ചെയ്യും. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിയോ ബേബി മുഖ്യാതിഥിയായി പങ്കെടുക്കും. കൂടംകുളം സമര നായകനും ആക്ടിവിസ്റ്റുമായ ഡോ. എസ് പി ഉദയകുമാര്‍ ജൂഡീഷ്യറിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ചു മജിസ്‌ട്രേട്ട് സ്ഥാനം രാജിവച്ച എസ് സുദീപ്, പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി ഇടുക്കി, ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ ശീതള്‍ ശ്യാം, ഫൈസല്‍ ഫൈസു, ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ എം സുല്‍ഫത്ത്, കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സി എസ് രാജേഷ്, ഗൂസ്‌ബെറി ബുക്‌സ് & പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ സതി അങ്കമാലി, എഴുത്തുകാരി ഷമീന ബീഗം, കവി ഡി അനില്‍ കുമാര്‍ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലെ പ്രമുഖര്‍ പ്രഖ്യാപന സമ്മേളനത്തെ അഭിസംബോധന ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ കെ ജി ജഗദീശന്‍, ശ്രീജ നെയ്യാറ്റിന്‍കര, ഹാരി ഹാരിസ് സംബന്ധിച്ചു. 

Tags:    

Similar News