കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍, പഠനം
ന്യൂഡല്‍ഹി: ബോംബിങ്ങില്‍ നിന്നോ മറ്റ് സ്‌ഫോടനാത്മക അക്രമങ്ങളില്‍ നിന്നോ ഉള്ള സിവിലിയന്‍ നാശനഷ്ടങ്ങള്‍ ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് പഠനം.ആക്ഷന്‍ ഓണ്‍ ആംഡ് വയലന്‍സ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് 2024-ല്‍ മാത്രം 61,353 പേര്‍ കൊല്ലപ്പെട്ടതായി പറയുന്നത്. മൊത്തം 55% സിവിലിയന്‍മാരുടെ മരണത്തിനു കാരണം ഇസ്രായേലി സൈനിക നടപടികളാണ്, 19% മരണങ്ങള്‍ സംഭവിച്ചിരുക്കുന്നത് ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണങ്ങള്‍ മൂലമാണെന്നും പഠനം വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സിവിലിയന്മാരുടെ എണ്ണം 51% വര്‍ധിച്ച് 25,116 ആയി, പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എണ്ണം 81% ഉയര്‍ന്ന് 36,237 ആയി. മാരകവും അപകടകരവുമായ സംഭവങ്ങളുടെ എണ്ണം 26% വര്‍ദ്ധിച്ച് 10,120 ആയെന്നും പഠനം വെളിപ്പെടുത്തുന്നു.ഗസയില്‍ വലിയ രീതിയിലാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ കണക്കുകള്‍ വേദനിപ്പിക്കുന്നതാണെന്ന് ആക്ഷന്‍ ഓണ്‍ ആംഡ് വയലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇയാന്‍ ഓവര്‍ട്ടണ്‍ പറഞ്ഞു. ''സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് ഗാസ, ഉക്രെയ്ന്‍, ലെബനന്‍ എന്നിവിടങ്ങളിലെ ആളുകള്‍ക്ക് 2024 ഒരു ദുരന്ത വര്‍ഷമാണ് . അന്താരാഷ്ട്ര സമൂഹത്തിന് ഉണ്ടായ ദ്രോഹത്തിന്റെ തോത് അവഗണിക്കാനാവില്ല'' അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ ഓണ്‍ ആംഡ് വയലന്‍സ് പഠനമനുസരിച്ച് മരണത്തിനും പരിക്കിനും പ്രധാന കാരണം വ്യോമാക്രമണമാണ്. ഇത് ഇസ്രായേലിന്റെ വ്യോമ ശക്തിയുടെ അമിതമായ ഉപയോഗത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഉക്രെയ്‌നിലെ ലക്ഷ്യങ്ങള്‍ക്കെതിരെ റഷ്യ വന്‍തോതില്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 46% വര്‍ദ്ധിച്ചുവെന്നും പഠനം പറയുന്നു.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഗസയില്‍ മരിച്ചവരുടെ എണ്ണം ഫലസ്തീന്‍ പ്രദേശത്തെ ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയ സംഖ്യകളേക്കാള്‍ 40% കൂടുതലാണെന്ന് ഈ മാസം ആദ്യം ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കിയിരുന്നു.