ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ ക്യാംപില്‍ സംഘര്‍ഷം: എട്ടു മരണം
ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി വാസസ്ഥലമായ കോക്‌സ്ബസാറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ ആധിപത്യത്തിനായി മത്സരിക്കുന്ന സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്.
കോക്‌സ്ബസാര്‍: തെക്കന്‍ ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനു പേര്‍ കാംപില്‍ നിന്നും പലായാനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി വാസസ്ഥലമായ കോക്‌സ്ബസാറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ ആധിപത്യത്തിനായി മത്സരിക്കുന്ന സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്. കൊലപാതകം, വെടിവയ്പ്പ്, വീടുകള്‍ കത്തിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുടെ പേരില്‍ 12 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ക്യാംപില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി കോക്‌സ് ബസാര്‍ പോലീസ് സൂപ്രണ്ട് റഫിഖുല്‍ ഇസ്‌ലാം റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ' പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാന്‍ രണ്ട് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നുണ്ട്,'' അവര്‍ മയക്കുമരുന്നു വില്‍പ്പനക്കാരാണ്' അദ്ദേഹം പറഞ്ഞു. മെത്താംഫെറ്റാമൈന്‍ എന്ന മയക്കുമരുന്ന്് വില്‍പ്പനക്ക് കുപ്രസിദ്ധമാണ് കോക്‌സബസാര്‍.
അതിനിടെ അഭയാര്‍ഥി ക്യാംപുകളിലെ സ്ഥിതി വളരെ അപകടകരമാണെന്നും ആവശ്യമായ നടപടികള്‍ എടുത്തില്ലെങ്കില്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 2018 മുതല്‍ നൂറിലധികം റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശിലെ ക്യാപുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.