ശ്രീനഗര്‍: പ്രതിഷേധ റാലിക്ക് നേരെ സൈന്യം നടത്തിയ പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അസ്‌റാര്‍ അഹ് മദ് ഖാനാണ് പെല്ലറ്റ് ആക്രമണത്തില്‍ മരിച്ചതെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. കശ്മീരിന് പ്രതേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ ആഗസ്ത് 6ന് സൗറയില്‍ നടത്തിയ പ്രതിഷേധറാലിക്ക് നേരെയായിരുന്നു സൈന്യം പെല്ലറ്റ് പ്രയോഗിച്ചത്. ഷെറെ കാശ്മീര്‍ മെഡിക്കല്‍ സയന്‍സസിലായിരുന്നു വിദ്യാര്‍ഥി ചികില്‍സയില്‍ കഴിഞ്ഞത്. അസ്റാറിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്യത്തില്‍ ഇലാഹി ബാഗിലെ വീട്ടിലെത്തിച്ച് ഖബറടക്കി. അതേസമയം, പെലറ്റ് ആക്രമണത്തെത്തുടർന്നാണ് വിദ്യാർഥിയുടെ മരണമെന്നത് സൈന്യം നിഷേധിച്ചിട്ടുണ്ട്. കല്ലേറിലാണ് വിദ്യാർഥി മരിച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
അസ്റാറിന്റെ മരണത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പഴയ ശ്രീനഗറില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്ര തീരുമാനത്തിനുശേഷം ആദ്യമായാണ് പെല്ലറ്റ് ആക്രമണത്തെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ടു ചെയ്യുന്നത്. താഴ്വരയില് 80 പേര്‍ക്കെങ്കിലും പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
പെല്ലറ്റ് ആക്രമണത്തിന് ഇരയായ യുവാക്കള്‍ തങ്ങളുടെ ശരീരത്തില്‍ തറച്ചുകയറിയ പെല്ലറ്റുകള്‍ സ്വയം എടുത്തുകളയുകയാണ് ചെയ്യുന്നത്. ഇതിനായി ആശുപത്രിയില്‍ പോയാല്‍ തങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെടുമോ എന്ന ആശങ്കയാണ് ഇവരെക്കൊണ്ട് സ്വയം ചികിൽസ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും കശ്മീരിൽ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.