കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദ്വിദിന ശില്പശാലയ്ക്ക് തുടക്കമായി. മർക്കസ് ഇംഗ്ലീഷ് മീഡിയം അഡൽ ടിങ്കറിംഗ് ലാബിൽ നടന്ന ശില്പശാല ജില്ലാഭരണ കൂടത്തിന്റെ കീഴിലുള്ള എഡ്യൂമിഷൻ പദ്ധതിയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്.
കേരളത്തിന്റെ കാലാവസ്ഥാ മാറ്റങ്ങൾ, കാലവസ്ഥാ നിർണ്ണയം, പ്രവചനം, ദുരന്തസാധ്യതകൾ, നൂതന സങ്കേതങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവിധ അവതരണങ്ങളും അനുഭവങ്ങളും ഒരുക്കിയുള്ള ശില്പ ശാല ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഇൻസ്റ്റലേഷനുകളും സന്ദേശങ്ങളും സ്ഥാപിച്ചു.
ഐ.എസ്.ആർ.ഒ. മുൻ ഡയറക്ടർ ഇ.കെ. കുട്ടി ശില്പശാല ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ .യു .കെ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളെ കുറിച്ചും ഐ.എസ്.ആർ.ഒയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മേഖലയിലുള്ള നേട്ടങ്ങളെക്കുറിച്ചും ഐ.എസ്ആർ.ഒ ഡെപ്യൂട്ടി ഡയറക്ടർ കെ. ജയറാം മുഖ്യ പ്രഭാഷണത്തിൽ സംസാരിച്ചു.
കുസാറ്റ് അസിസ്റ്റൻറ് പ്രൊഫസർ ഡോ.അഭിലാഷ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊഫ. മുഹമ്മദ് ഷാഹിൻ തയ്യിൽ, സി പി ചന്ദ്രശേഖരൻ തുടങ്ങിയവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു.
കുന്ദമംഗലം ബി. പി. സി മനോജ് കുമാർ, ശ്രീഷിൽ .യു .കെ, സഹീർ അസ്ഹരി, ഡോ. വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി സ്വാഗതവും വൈസ് പ്രിൻസിപ്പൽ മുഹമ്മദ് രിഫായി നന്ദിയും പ്രകാശിപ്പിച്ചു.