അഹമ്മദാബാദ്: അഗ്നിബാധ ഒഴിവാക്കുന്നതിന്റെ ഭാഗമായി ആശുപത്രി കെട്ടിടങ്ങള്‍ ബില്‍ഡിങ് കോഡിനനുസരിച്ച് മാറ്റം വരുത്തണമെന്ന നിര്‍ദേശം നീട്ടി വയ്ക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിയ സാഹചര്യത്തില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ 42 സ്വകാര്യ ആശുപത്രികള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടിസ് നല്‍കി. ഏഴ് ദിവസത്തിനുളളില്‍ ആശുപത്രി അടച്ചുപൂട്ടണമെന്നും പുതിയ രോഗികളെ പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അഹമ്മദാബാദില്‍ തുടര്‍ച്ചയായി ആശുപത്രികളില്‍ അഗ്നിബാധയുണ്ടാവുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രി അടച്ചുപൂട്ടാന്‍ നോട്ടിസ് പുറപ്പെടുവിച്ചത്.
കെട്ടിട നിയമത്തിനനുസരിച്ച് മാറ്റം വരുത്താനുള്ള സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 3ന് അഹമ്മദാബാദ് മെഡിക്കല്‍ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി അപേക്ഷ നിരസിച്ചു. പരാതിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. അവിടെയും തള്ളിയതോടെയാണ് കോര്‍പറേഷന്‍ നോട്ടിസ് നല്‍കിയത്.
അഹ്മദാബാദിലെയും ഗുജറാത്തില്‍ മറ്റിടങ്ങളിലെയും ആശുപത്രികളില്‍ നിരവധി തീപിടിത്തങ്ങളാണ് കഴിഞ്ഞ കാലത്ത് രേഖപ്പെടുത്തിയത്. അതില്‍ പലതിലും നിരവധി പേര്‍ മരിച്ചു. 18 പേര്‍ മരിച്ച അഗ്നിബാധ പോലുമുണ്ട്.