കേന്ദ്രാനുമതിയോടെയേ കെ റെയില്‍ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ; അനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി
ദേശീയപാതാ വികസനം വൈകാനും കേരളത്തിന് പണം ചെലവാകാനും കാരണം കോണ്‍ഗ്രസും ബിജെപിയും
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അനുമതി കിട്ടുമ്പോഴേക്ക് സര്‍വേ പൂര്‍ത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് ആ നടപടികളിലേക്ക് കടന്നത്. നിര്‍ഭാഗ്യകരമാണ് ഇപ്പോള്‍ കാണുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സംസാരിക്കുന്ന പലരും ഇത് വരരുതെന്നാണ് പറയുന്നത്. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ഇത് നടപ്പാക്കാനാവൂ. കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കില്‍ അത് നേരത്തെ നടപ്പാക്കിയേനെ. കേന്ദ്രം നിലപാട് മാറ്റി. പദ്ധതിക്ക് അനുമതി നല്‍കണമെന്നാണ് കേരളത്തിന്റെ നിലപാട്. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നവര്‍ കേന്ദ്ര നിലപാട് തിരുത്തിക്കാന്‍ ഇടപെടണം. ഇത് നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ഇത് എല്‍ഡിഎഫിന്റെ പദ്ധതിയായാണ് പലരും കാണുന്നത്. നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണിതെന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ അത് നാടിന് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതാ വികസനം വൈകാനും കേരളത്തിന് പണം ചെലവാകാനും കാരണം കോണ്‍ഗ്രസും ബിജെപിയും
ദേശീയ പാതാ വികസനത്തില്‍ വലിയ മാറ്റമുണ്ടാക്കിയത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് ചില പുതിയ അവകാശികള്‍ വരുന്നുണ്ട്. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ പരിധിയില്‍ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണ്. തിരുവനന്തപുരം ഔട്ട് ഓഫ് റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചത് ദേശീയ പാതാ വികസനത്തിലെ നിര്‍ണായക നേട്ടമാണ്.
ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളില്‍ ഭൂമി വില നല്‍കുന്നു. കേരളത്തില്‍ ഭൂമിക്ക് ഉയര്‍ന്ന വിലയാണെന്ന് പറഞ്ഞ് കേന്ദ്രം പിന്മാറി. 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന നിലയായി. അങ്ങിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയ പാതാ വികസനം സാധ്യമാക്കിയത്. 1081 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 1065 ഹെക്ടര്‍ ഏറ്റെടുത്തു. 2020 ഒക്ടോബര്‍ 13ന് ദേശീയപാതാ 66 ന്റെ ഭാഗമായി 11571 കോടിയുടെ ആറ് പദ്ധതികള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തില്‍ തയ്യാറാക്കിയത്. 19898 കോടി രൂപ വിതരണം ചെയ്തു.
ദേശീയ പാത 66 ലെ 21 റീച്ചിലെ പണികള്‍ നടക്കണം. 15 ലെ പണികള്‍ പുരോഗമിക്കുകയാണ്. ആറ് റീച്ചില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ദേശീയ പാതാ വികസനത്തില്‍ അലംഭാവം കാട്ടി. അന്ന് എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നു. എന്നാല്‍ എല്ലാ പിന്തുണയും ഇടതുപക്ഷം വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാരിന്റെ സംഭാവന ശൂന്യമായിരുന്നു. 2010 ഏപ്രില്‍ 20 ന് നടന്ന യോഗത്തില്‍ ദേശീയ പാതയുടെ വീതി 45 ല്‍ നിന്ന് 30 മീറ്ററായി കുറയ്ക്കാന്‍ ധാരണയായിരുന്നു. അത് കേന്ദ്രം നിരാകരിച്ചതോടെയാണ് വീണ്ടും സര്‍വകക്ഷി യോഗം ചേര്‍ന്നത്. അതില്‍ ദേശീയപാതയുടെ വീതി 45 മീറ്ററായി വീണ്ടും നിശ്ചയിച്ചു. അന്ന് യുഡിഎഫ് ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് എന്‍എച്ച് എഐ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഇവിടെ ഒന്നും നടന്നില്ല. അപ്പോഴാണ് ദേശീയപാതാ അതോറിറ്റി ഓഫിസ് അടച്ച് കേരളം വിട്ടത്. അന്നത്തെ സ്ഥിതി എത്ര ദയനീയമായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇത് പറയുന്നത്. ആത്മാര്‍ത്ഥമായി പരിശ്രമിച്ചില്ല, അലംഭാവം കാട്ടുകയും യുഡിഎഫ് സര്‍ക്കാര്‍ ചെയ്തുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ചില നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് മുന്നില്‍ യുഡിഎഫ് സര്‍ക്കാരിന് മുട്ടുവിറച്ചു. ആകെയുള്ള 645 കിലോമീറ്ററില്‍ വെറും 27 കിലോമീറ്റര്‍ നീളമുള്ള തിരുവനന്തപുരം ബൈപ്പാസിന് വേണ്ടി ഭൂമി ഏറ്റെടുത്തതാണ് യുഡിഎഫിന്റെ സംഭാവന. 2016 ല്‍ അധികാരത്തിലെത്തിയപ്പോള്‍ ദേശീയപാതാ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. സ്ഥലം വിട്ടുനല്‍കുന്നവര്‍ ദുഖിക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായി.
അധികാരമേറ്റ് 20ാം ദിവസം യോഗം വിളിച്ച് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുത്തു. പിന്നീട് പലപ്പോഴും ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സഹകരിപ്പിച്ച് ചിട്ടയായി ഇടപെടല്‍ നടത്തി. എല്ലാ മാസവും സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുക്കല്‍ മുടക്കാന്‍ അനേകം തടസം വന്നു. സമരങ്ങള്‍ തുടങ്ങി. മഴവില്‍ മുന്നണികള്‍ക്കൊപ്പം കോണ്‍ഗ്രസും ബിജെപിയും രംഗത്തിറങ്ങി. വ്യാജകഥകള്‍ പ്രചരിപ്പിച്ചു. നന്ദിഗ്രാമിലെ മണ്ണ് പൊതിഞ്ഞെടുത്ത് വന്നത് ഒരു കേന്ദ്രമന്ത്രിയായിരുന്നു. കീഴാറ്റൂര്‍ നന്ദിഗ്രാം ആകുമെന്നായിരുന്നു പ്രഖ്യാപനം.
കേരളത്തിലെ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കാന്‍ 2018 ല്‍ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഹൈവേ മന്ത്രിക്ക് കത്തയച്ചു. നിര്‍മ്മാണം വൈകിപ്പിച്ച് പിന്നീട് കേന്ദ്രത്തിന്റെ ഉത്തരവ് വന്നു. 2019 ജൂണില്‍ കേരളത്തിലെ ദേശീയപാതാ വികസനത്തെ ഒന്നാം പരിഗണനാ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. അന്നും ചെലവിന്റെ വിഹിതം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം പറഞ്ഞു.
ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം കേരളം ഏറ്റെടുക്കണമെന്ന കേന്ദ്രത്തിന്റെ നിലപാടാണ് പിന്നീട് ചര്‍ച്ചയിലൂടെ 25 ശതമാനത്തിലേക്ക് ചുരുക്കിയത്. മറ്റെങ്ങും ഇല്ലാത്ത ഈ സ്ഥിതി കേരളത്തിലുണ്ടായതിന് ഉത്തരവാദി യുഡിഎഫ് സര്‍ക്കാരാണ്. പിന്നീട് ഇത് തടസപ്പെടുത്താന്‍ ശ്രമിച്ച ബിജെപിക്കും ഉത്തരവാദിത്തമുണ്ട്. 5283 കോടി രൂപയാണ് സംസ്ഥാനം ഭൂമി ഏറ്റെടുക്കാന്‍ ചെലവാക്കിയത്. ഈ തുക കേരളം ചെലവാക്കിയില്ലെങ്കില്‍ ദേശീയപാതാ വികസനം അനന്തമായി നീണ്ടുപോയേനെ. ദേശീയ പാതയില്‍ 125 കിലോമീറ്റര്‍ ഒരു വര്‍ഷത്തിനകം ഗതാഗത യോഗ്യമാക്കും. കഴക്കൂട്ടം ഒരു വര്‍ഷത്തിനുള്ളില്‍ തുറക്കും. മാഹി, തലശേരി, ഊരാട് പാലം എന്നിവ മാര്‍ച്ചില്‍ തുറക്കും. സംസ്ഥാനത്തിന്റെ ഗതാഗത പ്രശ്‌ന പരിഹാരത്തിന് വലിയ മുതല്‍ക്കൂട്ടാകുന്ന നേട്ടങ്ങളാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും അദ്ദേഹം വാരാത്താസമ്മേളനത്തില്‍ പറഞ്ഞു.