കെ റെയില്‍ ഉപേക്ഷിക്കില്ല, കേന്ദ്രത്തിന് അനുമതി നല്‍കേണ്ടിവരും; കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി
പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ജിയോ ടാഗ് അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്
തിരുവനന്തപുരം: കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്രത്തിന് അനുമതി നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ജിയോ ടാഗ് അടക്കമുള്ള ആധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷ. കേന്ദ്രത്തിന് ഭാവിയില്‍ അനുമതി നല്‍കേണ്ടി വരും. കെ റെയിലുമായ ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മധു വധക്കേസില്‍ നീതി നടപ്പിലാക്കാനുള്ള എല്ലാം ശ്രമങ്ങളും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ സാധ്യമായത് ചെയ്യും. പ്രോസിക്യൂഷനും സാക്ഷികള്‍ക്കും വേണ്ട എല്ലാ സഹായങ്ങളും നല്‍കി. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതി പോലിസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും പിണറായി അറിയിച്ചു.
മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്
വീട് നഷ്ടപ്പെട്ട കുറച്ച് കുടുംബങ്ങള്‍ സ്‌കൂളുകളിലും ഗോഡൗണുകളിലുമായി താമസിച്ച് വരുന്നുണ്ട്. 159 കുടുംബങ്ങള്‍ക്ക് വലിയതുറ ഗ്രൗണ്ടില്‍ ഫഌറ്റ് നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിരുന്നു. എന്നാല്‍, അവിടെയുള്ള പ്രാദേശികമായ ചില ആവശ്യങ്ങള്‍ കാരണം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വീട് നഷ്ടപ്പെട്ടവരെ വാടക നല്‍കി പുനരധിവസിപ്പിക്കുന്ന കാര്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. വാടക നിശ്ചിയിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പുനര്‍ ഗേഹം
കടലിനോടു ചേര്‍ന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ അവര്‍ക്ക് സൗകര്യപ്രദമായ ഇടം കണ്ടെത്തി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായോ സി.ആര്‍.ഇസ്സഡ് നിയന്ത്രണത്തിന്റെ ഭാഗമായോ പുനരധിവസിപ്പിക്കേണ്ടി വരുന്ന മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി 2,450 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്.
തീരദേശത്തെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കുക എന്നതു ലക്ഷ്യംവച്ചുള്ളതാണ് ഈ പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ഈ പദ്ധതി പ്രകാരം 276 വീടുകള്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ, കാരോട്, ബീമാപള്ളി, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്‍, മലപ്പുറം ജില്ലയിലെ പൊന്നാനി, നിറമരുത്തൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കോയിപ്പാടി എന്നിവിടങ്ങളിലും ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
മണ്ണെണ്ണ അനുവദിക്കുന്ന വിഷയം
നമ്മുടെ സംസ്ഥാനത്ത് ഏകദേശം 32,000 പരമ്പരാഗത മത്സ്യബന്ധന യാനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 90 ശതമാനവും മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നവയാണ്. മത്സ്യ ബന്ധനത്തിന് ആവശ്യമായ മണ്ണെണ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. പ്രതിവര്‍ഷം 1 ലക്ഷം കിലോലിറ്റര്‍ മണ്ണെണ്ണയാണ് ആവശ്യമായി വരുന്നത്. ഇതില്‍ 25,000 കിലോലിറ്ററിനു താഴെ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. കാര്‍ഷികാവശ്യത്തിനും ഇതര ആവശ്യത്തിനും ഇത് മതിയാകുന്നില്ല. മത്സ്യഫെഡ് മുഖേന വാങ്ങുന്ന മണ്ണെണക്കുള്ള സബ്‌സിഡി യഥാസമയം മത്സ്യതൊഴിലാളികളുടെ അകൗണ്ടില്‍ നല്‍കി വരുന്നുണ്ട്. ഈ പ്രശ്‌നം മത്സ്യതൊഴിലാളികളെ ഗൗരവകരമായി ബധിക്കുന്ന പ്രശ്‌നമാണ്. മണ്ണെണ്ണയുടെ വിലയാണെങ്കില്‍ വലിയ തോതില്‍ വര്‍ധിച്ചു പോവുകയാണ്. ആ പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഴുവന്‍ മത്സ്യതൊഴിലാളി സംഘടകളെയും വിളിച്ച് ചര്‍ച്ച ചെയ്യാന്‍ ഫിഷറീസ് വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് അതിന് പരിഹാരം കാണുകയെന്നുള്ളത്. ഇപ്പോള്‍ ഫിഷറീസ് വകുപ്പ് മന്ത്രി കേന്ദ്ര മന്ത്രിയെ കണ്ട് ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായി ചില കാര്യങ്ങള്‍ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിസ്ഥിതി ആഘാതം സംബന്ധിച്ച്
ഒരു ആരോപണം വരുന്നത് തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി വന്‍തോതില്‍ തീരശോഷണത്തിന് ഇടയാക്കുന്ന എന്ന ആരോപണമുന്നയിച്ചിട്ടുണ്ട്. എന്നാല്‍, പാരിസ്ഥിതിക ആഘാത പഠനത്തില്‍ അപാകതയുണ്ടെന്നും തീരശോഷണത്തിന് ഇടയുണ്ട് എന്ന് ആരോപിച്ച് സുപ്രീംകോടതിയിലും ദേശീയ ഹരിതട്രിബ്യൂണലിലും സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ നിരസിക്കുകയാണുണ്ടായത്. ഒരു വിധത്തിലുള്ള തീരശോഷണത്തിനും തുറമുഖ നിര്‍മ്മാണം കാരണമാകുന്നില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പിനു കീഴിലുള്ള വിദഗ്ധ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 2014ല്‍ തുറമുഖ നിര്‍മ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. ഹരിത ട്രിബ്യൂണല്‍ രൂപീകരിച്ച രണ്ട് വിദഗ്ധ സമിതികള്‍ എല്ലാ ആറു മാസം കൂടുമ്പോഴും ഇക്കാര്യം വിലയിരുത്തി ട്രിബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.
2016ല്‍ പുലിമുട്ട് ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുത്തതും നമ്മുടെ തീരത്തു വന്നെത്തിയതുമായ ചുഴലിക്കാറ്റുകള്‍, ന്യൂനമര്‍ദ്ദം എന്നിവയാണ് തീരശോഷണത്തിനു പ്രധാന കാരണമെന്ന് വ്യക്തമായിട്ടുണ്ട്. നിര്‍മ്മാണം ആരംഭിച്ച ശേഷം പ്രദേശത്തിന്റെ 5 കി.മീറ്റര്‍ ദൂരപരിധിയില്‍ യായൊതു തീരശോഷണവും സംഭവിച്ചിട്ടില്ല. വലിയതുറയിലെയും ശംഖുമുഖത്തെയും തീരശോഷണത്തിന് കാരണം തുറമുഖ നിര്‍മ്മാണമാണെന്ന് പറയാന്‍ കഴിയാത്ത നിലയാണ്.
2021-22 ബജറ്റില്‍ അഞ്ചു വര്‍ഷംകൊണ്ട് നടപ്പാക്കുന്ന 5,300 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 1,500 കോടി രൂപയുടെ പദ്ധതികള്‍ ആദ്യഘട്ടമായി സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചു. നമ്മുടെ തീരദേശത്ത് 10 പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി തിരഞ്ഞെടുത്തു. കടലാക്രമണം ഏറ്റവും രൂക്ഷമായ ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി.
ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്ന ഒന്നാണ് എന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ചില ഇടങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ രീതിയിലുള്ള സമരമായാണ് ഇതിനെ കാണാന്‍ കഴിയുക. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സജീവമായി ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്.
ഓഖി
ഓഖിയുടെ സമയത്ത് സംസ്ഥാനത്ത് ഏറ്റവുമധികം ദുരിതാശ്വാസ ധനസഹായം നല്‍കിയ സര്‍ക്കാരാണിത്. 20 ലക്ഷം രൂപയാണ് അന്ന് മരണപ്പെട്ട ആളുടെ ആശ്രിതര്‍ക്ക് നല്‍കിയത്. ഇതിനു പുറമെ കേന്ദ്രവിഹിതമായി ലഭിച്ച രണ്ടു ലക്ഷം രൂപയും നല്‍കുകയുണ്ടായി. ഓഖിയുടെ പശ്ചാത്തലത്തില്‍ ഇത്തരം അപകടങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിനും അത്തരം സന്ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കുന്നതിനും ആവശ്യമായ യാനങ്ങളും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ആ മേഖലയില്‍ നടപ്പാക്കുകയുമാണുണ്ടായത്. ഓഖിയുടെ ഘട്ടത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച മുഴുവന്‍ തുകയും ആ മേഖലയുടെ ഉന്നമനത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്.
പട്ടയങ്ങള്‍
തീരദേശത്തുള്ളവരുടെ പട്ടയ അപേക്ഷകള്‍ മഹാഭൂരിപക്ഷവും സി ആര്‍ സെഡ് പരിധിയിലാണ് വരുന്നത്. കേന്ദ്ര നിയമമനുസരിച്ച് ഇപ്പോള്‍ അത് കൊടുക്കുന്നതിന് പ്രയാസമുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ ഒരു പ്രശ്‌നമായി അവതരിപ്പിച്ച് കഴിഞ്ഞു. ഡിജിറ്റല്‍ സര്‍വ്വേ നടത്തുമ്പോള്‍ ഇതു പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാക്കണമെന്ന് സര്‍ക്കാരും ആഗ്രഹിക്കുകയാണ്. എല്ലാ ശ്രമവും അതിന് നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ തരത്തിലും പരിഹാരം കാണമെന്നാണ് പറയാനുള്ളത്.
ഇന്‍ഷുറന്‍സ് പരിരക്ഷ
മത്സ്യത്തൊഴിലാളികളുടെയും അനബന്ധ തൊഴിലാളികളുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ 5 ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രാസൗകര്യം
മത്സ്യവില്‍പ്പന തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സമുദ്ര ബസ് സര്‍വീസ് ആരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് തൊഴില്‍സംബന്ധമായ പരിശീലനങ്ങള്‍ക്ക് സംവിധാനമൊരുക്കി. മറൈന്‍ ആംബുലന്‍സ് യാഥാര്‍ത്ഥ്യമാക്കാനായിട്ടുണ്ട്. തീരദേശ ജനതയുടെ സാക്ഷരത ഉയര്‍ത്തുന്നതിന് അക്ഷരസാഗരം പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയതാണ്. ഇതില്‍ ഒരു കാര്യമാണ് വ്യക്താമാക്കാനുള്ള മത്സ്യതൊഴിലാളികളുടെ പ്രശ്‌നം ആ മേഖലയില്‍ ഗൗരവകരമായ പ്രശ്‌നമായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. അവഗണിക്കത്തക തരത്തിലുള്ള പ്രശ്മായല്ല സര്‍ക്കാര്‍ ഇതേവരെ അതിനെ കണ്ടിട്ടുള്ളത് നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും ഗൗരവകരമായ പ്രശ്‌നമായി തന്നെയാണ് ഇത് കാണുന്നത്. പ്രശ്‌നങ്ങളുടെ പരിഹാരത്തിനായുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഏത് തരത്തിലും മത്സ്യതൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുക എന്നുള്ളത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. ആ കാര്യത്തില്‍ ഒരു ശങ്കയും ഉണ്ടാകേണ്ടതില്ല.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് പറയാനുള്ളത്
നമ്മുടെ നാടിന്റെ പശ്ചാത്തലസൗകര്യ വികസനത്തിനായി നടപ്പാക്കി വരുന്നതും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ ബൃഹത് പദ്ധതികളെപ്പറ്റി സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പക്ഷെ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സ്വഭാവികമായും ചില ആശങ്കള്‍ ഉയരുമെന്നത് നാം കാണേണ്ടതുണ്ട്. ആ ആശങ്കകള്‍ക്ക് ആക്കം കൂട്ടാനും അടിസ്ഥാന രഹിതമായ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. പദ്ധതികള്‍ നടപ്പാക്കേണ്ടതില്ല, നാടിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയില്‍ നില്‍ക്കട്ടെയെന്ന സമീപനം വികസനവിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണ്.
പ്രദേശവാസികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട് എന്നത് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത് ആ ശ്രമം സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യും. ആ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനു പകരം തുരങ്കംവയ്ക്കുന്ന സമീപനം സ്വീകരിക്കുന്നത് ഭാവിതലമുറയോടുള്ള അനീതി മാറും എന്ന് ഓര്‍ക്കേണ്ടതുണ്ട്.
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി പോലൊരു പശ്ചാത്തല വികസന പദ്ധതി ഇച്ഛാശക്തിയോടെ നടപ്പാക്കുമ്പോള്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍ സമ്പദ് ഘടനയിലുണ്ടാകുന്ന ഉത്തേജനം അതുവഴി ആകെ സമ്പാത്തിക മേഖലയുടെ ധ്രുതഗതിയിലുള്ള വളര്‍ച്ച ഇവയാണ് യാഥാര്‍ത്ഥ്യമാകുന്നത് എന്ന് നാം കാണണം. അത് ചെറിയ ഫലമല്ല ഉണ്ടാക്കുക അനുബന്ധ വികസനവും ജനജീവിതത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളും വലുതായിരിക്കും. ഇപ്പോള്‍ വിഴിഞ്ഞം പദ്ധതി ഒരു യാഥാര്‍ത്ഥ്യമാണ്. അത് നല്ല രീതിയില്‍ പുരോഗമിച്ചു വരികയുമാണ്. സമയബന്ധിതമായി പൂര്‍ത്തികരിക്കലാണ് പ്രശ്‌നം. ഇത്രയുമെത്താന്‍ നാട് വലിയ രീതിയില്‍ സംഭാവന നല്‍കിയിട്ടുണ്ട് എന്നും നാം ഓര്‍ക്കേണ്ടതായിട്ടുണ്ട്.
പശ്ചാത്തലസൗകര്യ വികസന പദ്ധതികളെ ഞങ്ങള്‍ സങ്കുചിത വീക്ഷണത്തോടെയല്ല ഞങ്ങള്‍ കാണുന്നത്. ഈ നാടിന്റെ വികസനത്തെപ്പറ്റി ഞങ്ങളുടെ കാഴ്ചപ്പാടിന്റെ ഭാഗമാണിത്. അതിനാല്‍ വിഴിഞ്ഞം പദ്ധതിയെ അത് ഒരു തരത്തിലും നടപ്പാക്കേണ്ടതില്ല എന്നൊരു സമീപനം ഈ ഘട്ടത്തില്‍ അംഗീകരിക്കാനാകില്ല. അത് ഈ സമൂഹത്തിന് അംഗീകരിക്കാന്‍ സാധ്യവുമല്ല. പ്രശ്‌നങ്ങള്‍ ഉണ്ടാകും, അത് ഇത്തരം പദ്ധതികളുടെ ഭാഗമായി സ്വാഭാവികവുമാണ്. അവയോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനമാണ് പ്രധാനം. ഈ സര്‍ക്കാരിന്റെ സമീപനം തുടക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുമ്പോള്‍ ആരുടെയും ജീവനോപാധിയും പാര്‍പ്പിടവും നഷ്ടപ്പെടില്ല എന്നതാണ് ആ ഉറപ്പ്. അതില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. അതുകൊണ്ട് എന്ത് പ്രശ്‌നമായാലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ് ആ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തു, ഇന്നും ചര്‍ച്ച് ചെയ്യും, നാളെയും ആവശ്യമാണെങ്കില്‍ ചര്‍ച്ച ചെയ്യും. അതില്‍ ഒരു മടിയും സര്‍ക്കാരിനെ സംബന്ധിച്ചില്ല.