കെ റെയില്‍: വിദേശ വായ്പയ്ക്ക് ശുപാര്‍ശ ചെയ്തത് കേന്ദ്രം; പദ്ധതിയ്ക്കായി ഇതുവരെ ചിലവഴിച്ചത് 49 കോടി
കണ്‍സള്‍ട്ടന്‍സിക്ക് നല്‍കിയത് 20 കോടി 82 ലക്ഷം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് 20 കോടി. കല്ലിടലിന് മാത്രം 1 കോടി 33 ലക്ഷം രൂപ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേന്ദ്രം എതിര്‍പ്പ് ഉന്നയിക്കുമ്പോള്‍ പദ്ധതിക്ക് വേണ്ടി വിദേശ വായ്പ പരിഗണിക്കണമെന്ന് ശുപാര്‍ശ ചെയ്തത് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ എന്ന വിവരം പുറത്ത് വിട്ട് മുഖ്യമന്ത്രി. പദ്ധതിക്ക് ഇത് വരെ സംസ്ഥാന സര്‍ക്കാര്‍ 49 കോടി രൂപ ചെലവാക്കിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷവും ബിജെപിയും ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പദ്ധതിയുടെ ഇതുവരെയുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചത്. പദ്ധതിക്കായി വിദേശ വായ്പ പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശയുണ്ട്. നീതി ആയോഗും കേന്ദ്ര റെയില്‍വെ മന്ത്രാലയവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്പന്‍ഡിച്ചര്‍ വകുപ്പുകളും ആണ് ഇത് സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. അതേസമയം ഡിപിആറിന് അന്തിമ അനുമതി നേടാനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധ്യതാ പഠന റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വെ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. നിക്ഷേപ പൂര്‍വ നടപടികള്‍ക്ക് കേന്ദ്രം നല്‍കിയ അംഗീകാരവുമായാണ് മുന്നോട്ട് പോകുന്നത്. സര്‍വെയും ഭൂമി ഏറ്റെടുക്കലും ധനവിനിയോഗവുമെല്ലാം അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതിക്ക് ഇതുവരെ ചെലവ് 49 കോടി രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്‍സള്‍ട്ടന്‍സിക്ക് നല്‍കിയത് 20 കോടി 82 ലക്ഷം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് റവന്യു വകുപ്പ് ചെലവാക്കിയത് 20 കോടി. കല്ലിടലിന് മാത്രം 1 കോടി 33 ലക്ഷം രൂപ ചെലവാക്കി. 19,691 കല്ലുകള്‍ വാങ്ങിയതില്‍ 6,744 അതിരടയാളങ്ങള്‍ സ്ഥാപിച്ച് കഴിഞ്ഞെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എന്നാല്‍ സില്‍വര്‍ ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചോ എന്ന കാര്യം മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയില്ല.