'ഓരോരുത്തരും സ്വയം ലോക്ഡൗണിലേയ്ക്ക് പോകേണ്ട സന്ദര്‍ഭമെന്ന്' മുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് ഫലം വീട്ടിലിരുന്ന് വീക്ഷിക്കണമെന്നും മുഖ്യമന്ത്രി

Update: 2021-04-29 14:20 GMT

തിരുവനന്തപുരം: ഓരോരുത്തരും സ്വയം ലോക്ഡൗണിലേയ്ക്ക് പോകേണ്ട സന്ദര്‍ഭമാണിതെന്ന് മുഖ്യമന്ത്രി. വലിയ ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നതു വരെ വാക്‌സിന്‍ എടുത്തവര്‍ പോലും സുരക്ഷിതരല്ല. സര്‍ക്കാര്‍ പറയുന്നത് സെല്‍ഫ് ലോക്ഡൗണ്‍ എന്ന ആശയമാണ്. ഓരോരുത്തരും സ്വയം ലോക്ഡൗണിലേയ്ക്ക് പോകേണ്ട സന്ദര്‍ഭമാണിത്. ജീവനോപാധികള്‍ തകരാതെ നോക്കുകയും ചുറ്റുമുള്ളവരുടേയും ജീവനുകള്‍ സംരക്ഷിക്കുകയും വേണം.

രോഗലക്ഷണങ്ങളില്ലാത്തവരെ 10 ദിവസങ്ങള്‍ക്കു മുന്‍പ് ഡിസ്ചാര്‍ജ് ചെയ്യാമെന്ന തീരുമാനം കൈക്കൊണ്ടതിന്റെ ഭാഗമായി ചില ജില്ലകളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവു വന്നു. അതു രോഗവ്യാപനത്തില്‍ വന്ന കുറവായി തെറ്റിദ്ധരിക്കേണ്ടതില്ല. രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുന്ന ഈ ഘട്ടത്തില്‍, ആശുപത്രിയിലെ സൗകര്യങ്ങള്‍ ഗുരുതരമായ രോഗാവസ്ഥ നേരിടുന്നവര്‍ക്ക് ലഭ്യമാകുമെന്നു ഉറപ്പുവരുത്താനുള്ള മുന്‍കരുതലാണത്. രോഗവ്യാപനം ശക്തമായിക്കൊണ്ടിരിക്കുക തന്നെയാണ്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിദ്ധ്യത്തിലുണ്ടായ വര്‍ദ്ധനവ് രോഗവ്യാപനത്തെ തീവ്രമാക്കുന്നു. ആയിരം രോഗികള്‍ ഉള്ളപ്പോള്‍ ഉണ്ടാകുന്ന മരണങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ പതിനായിരം രോഗികളുള്ളപ്പോള്‍ സംഭവിക്കും. 

ഈ ഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മുന്‍കരുതല്‍ ഡബിള്‍ മാസ്‌കിങ്ങ് ആണ്. ഒരു മാസ്‌കിനു മുകളില്‍ മറ്റൊരു മാസ്‌ക് കൂടെ ധരിക്കുന്നത് അണുബാധയേല്‍ക്കുന്നത് വലിയ തോതില്‍ തടയാന്‍ സഹായകരമാണ്. ഓഫീസുകള്‍ക്കുള്ളില്‍ ജോലി ചെയ്യുമ്പോള്‍ തീര്‍ച്ചയായും മാസ്‌കുകള്‍ ധരിക്കുക. പറ്റുമെങ്കില്‍ വീടുകളിലും മാസ്‌കുകള്‍ ധരിക്കുക, പ്രത്യേകിച്ച്, പ്രായാധിക്യമുള്ളവരോട് ഇടപഴകുമ്പോള്‍.

രണ്ടാം തരംഗം

രണ്ടാമത്തെ തരംഗത്തില്‍ അടുത്ത സമ്പര്‍ക്കത്തിലൂടെ അല്ലാതേയും രോഗം പകരുന്നു എന്നതാണ്. അതിന്റെ അര്‍ഥം രോഗാണു വായുവില്‍ ഒരുപാട് നേരം തങ്ങി നില്‍ക്കുന്നു എന്നോ ഒരുപാടു ദൂരം വായുവിലൂടെ സഞ്ചരിക്കുന്നോ എന്നല്ല. മറിച്ച്, മുന്‍പ് കരുതിയിരുന്നത് വളരെ അടുത്ത ഇടപപെടലിലൂടെ മാത്രമേ പകരുകയുള്ളൂ എന്നായിരുന്നു. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ മാസ്‌ക് ധരിക്കാതെ അശ്രദ്ധമായി ഒരു മുറിക്കുള്ളില്‍ ഇരുന്നാല്‍ തന്നെ ഒരാളില്‍ നിന്നു മറ്റൊരാളിലേയ്ക്ക് പകരാന്‍ പ്രാപ്തമാണ്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ക്ക് മനുഷ്യകോശത്തിനകത്തേയ്ക്ക് പ്രവേശിക്കാന്‍ കഴിവു കൂടുതലാണ്.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ടെസ്റ്റിങ് കേന്ദ്രങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. രോഗം ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള ആളുകള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൂടുതലായി വരുന്നുണ്ട് എന്നുള്ളത് കണക്കിലെടുക്കണം. വാക്‌സിന്‍ വഴി ലഭിക്കുന്ന സംരക്ഷണം വാക്‌സിന്‍ എടുത്ത് കുറേ ദിവസങ്ങള്‍ കഴിഞ്ഞാകും ലഭിക്കുക. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം എവിടെയെങ്കിലും കൂട്ടം കൂടിയിരിക്കാതെ ഓരോരുത്തരു അവരവരുടെ വീടുകളില്‍ ഇരുന്ന് ഫലപ്രഖ്യാപനം അറിയണം. ആദ്യഘട്ടത്തില്‍ 60 വയസ്സിനു മുകളിലുള്ള ബഹുഭൂരിപക്ഷം ആളുകളെ വാക്‌സിനേറ്റ് ചെയ്യാന്‍ സാധിച്ചത് മരണ നിരക്കു കുറയ്ക്കാന്‍ സഹായിച്ചു എന്നാണിപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ആദ്യ കോവിഡ് തരംഗം പരിശോധിക്കുകയാണെങ്കില്‍ 75 ശതമാനത്തിനു മുകളില്‍ മരണം ഉണ്ടായത് 60 വയസ്സിനു മുകളിലുള്ള ആളുകള്‍ക്കിടയിലാണ്. 95 ശതമാനം മരണങ്ങളും 45 വയസ്സിനു മുകളിലുള്ളവര്‍ക്കിടയിലാണുണ്ടായത്.


വാക്‌സിന്‍

സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍  എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കും. ഇതിനായി കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ച് വാക്‌സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതായിരിക്കും. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ ഓണ്‍ലൈന്‍ ബുക്കിംഗിനായി ആദ്യ ഡോസുകാര്‍ക്ക് സ്ലോട്ട് അനുവദിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.


Tags:    

Similar News