ചികില്‍സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു; മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 4.40ന്റെ എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും അദ്ദേഹത്തിനൊപ്പം ഉണ്ട്.

Update: 2022-01-15 06:47 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ദ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു.കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 4.40ന്റെ എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും അദ്ദേഹത്തിനൊപ്പം ഉണ്ട്.

അമേരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ചികിത്സ. ഈ മാസം 29 വരെ ചികിത്സയുണ്ടാകും. ചികിത്സയുടെ ഭാഗമായി വിദേശത്താണ് എങ്കിലും മുഖ്യമന്ത്രി തന്റെ ചുമതലകള്‍ മറ്റാരെയും ഏല്‍പ്പിച്ചിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ അടക്കം മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. ഇ ഫയല്‍ സംവിധാനത്തിലൂടെ അത്യാവശ്യ ഫയലുകളില്‍ തീരുമാനമെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന വിവരം ഇന്നലെ മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിരുന്നു. ഫോണിലൂടെയാണ് വിവരം അറിയിച്ചത്. സര്‍ക്കാര്‍ ചെലവിലാണ് യാത്ര. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത്. ഇതിന് മുമ്പ് 2018 സെപ്തംബറിലാണ് അദ്ദേഹം അമേരിക്കയില്‍ ചികിത്സ തേടിയത്.

Tags:    

Similar News