മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാംപ് ചെയ്യേണ്ടിയിരുന്നില്ല; തൃക്കാക്കരയിലെ തോല്‍വിയില്‍ വിലയിരുത്തലുമായി സിപിഎം
കനത്ത പരാജയം വിശദമായി പരിശോധിക്കും,നടപടി ഉണ്ടാവില്ല
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയം പരിശോധിക്കാന്‍ സിപിഎം. പരാജയകാരണങ്ങളെക്കുറിച്ച് വിശദമായി പഠിക്കാനാണ് പാര്‍ട്ടി ആലോചന. അതേസമയം, പരാജയത്തിന് കാരണക്കാരായ നേതാക്കെള്‍ക്കെതിരേ നടപടിക്ക് സാധ്യത കുറവാണ്. കഴിഞ്ഞ 2021ലെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ഏറ്റവും കൂടുതല്‍ അച്ചടക്ക നടപടിയുണ്ടായത് തൃക്കാക്കരയിലാണ്. അതുകൊണ്ട് തന്നെ ഗുരുതര പിഴവുകളില്‍മേല്‍ മാത്രമേ പാര്‍ട്ടി നടപടിയുണ്ടകൂ. മാത്രവുമല്ല, തൃക്കാക്കര തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നതിന് ജില്ലയ്ക്ക് പുറത്തുള്ള നേതാക്കളുമുണ്ടായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, സെക്രട്ടേറിയറ്റംഗങ്ങളായ പി രാജീവ്, എം സ്വരാജ് എന്നിവരാണ് തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത്. അതിനാല്‍ തന്നെ നടപടിയെടുക്കുമെങ്കില്‍ ഇവര്‍ക്കെതിരേയാണ് നിലപാട് സ്വീകരിക്കേണ്ടിവരുന്നത്.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പി രാജീവും തമ്മില്‍ കാര്യമായ മൂപ്പിളമ തര്‍ക്കമുണ്ടായിരുന്നു. പി രാജീവ് കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നത് ഇപി ജയരാജനെ ചൊടിപ്പിച്ചിരുന്നു. അതുപോലെ തന്നെ നയപരമായി കാര്യങ്ങളില്‍ പോലും പി രാജീവ് എടുത്ത ചില സമീപനങ്ങളില്‍ എം സ്വരാജും വിയോജിച്ചിരുന്നു. ഈ വിയോജിപ്പുകളൊക്കൊ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രാഥമിക വിലയിരുത്തല്‍ നടത്തി. പ്രതീക്ഷിച്ച 5000 വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും കൂടിയത് 2800ല്‍പരം വോട്ടുമാത്രമാണെന്നുമാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയടക്കമെത്തി കാടിളക്കി നടത്തിയ പ്രചാരണം കൊണ്ട് ഒരു ഫലവുമുണ്ടാവാത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനവുമുയരുന്നുണ്ട്. ഇത് പ്രചാരണ തന്ത്രത്തിന്റെ പാളിച്ചയാണെന്ന ആരോപണവും സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നു.
ജോ ജോസഫിനെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയാക്കിയതും ലിസി ഹോസ്പിറ്റലില്‍ വെച്ച് വാര്‍ത്താസമ്മേളനത്തിലൂടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതും സഭയുടെ സ്ഥാനാര്‍ഥിയെന്ന ആരോപണത്തിന് വളം വെക്കുന്നതായി പോയെന്നാണ് മറ്റൊരു പ്രധാന വിമര്‍ശനം. ഇതിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമെന്ന നിലയ്ക്ക് അതിനെ അങ്ങനെ കണ്ടാല്‍ മതിയായിരുന്നുവെന്നും പത്ത് ദിവസത്തോളം മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് പ്രചാരണം നടത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
വട്ടിയൂര്‍ക്കാവില്‍ നടന്ന പോലെ കാടിളക്കി പ്രചാരണം നടത്തിയാല്‍ തൃക്കാക്കരയും പിടിക്കാമെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ സന്ദേശം തെറ്റായി പോയി. ആം ആദ്മിയും ട്വന്റി20യുമെല്ലാം ചെയ്യുന്നപോലെ പ്രഫഷണലുകളെ നിര്‍ത്തിയാല്‍ അത്തരം വോട്ടുകള്‍ കിട്ടുമെന്ന കണക്കൂ കൂട്ടലും തെറ്റി.