തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം വര്‍ഗീയ കാര്‍ഡ് ഇറക്കിയവര്‍ക്കുള്ള മറുപടി: പോള്‍ തേലക്കാട്
സിപിഎമ്മിനും ബിജെപിക്കും തൃക്കാക്കരയില്‍ വീഴ്ച പറ്റി. വര്‍ഗീയ കാര്‍ഡ് ഇറക്കിയവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും തൃക്കാക്കര ഫലം ജനാധിപത്യത്തിന്റെ നല്ല മാതൃകയാണെന്നും ഫാദര്‍ തേലക്കാട് പറഞ്ഞു.
കോട്ടയം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്. രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തില്‍ നിന്ന് അകലം പാലിക്കണം. സിപിഎമ്മിനും ബിജെപിക്കും തൃക്കാക്കരയില്‍ വീഴ്ച പറ്റി. വര്‍ഗീയ കാര്‍ഡ് ഇറക്കിയവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും തൃക്കാക്കര ഫലം ജനാധിപത്യത്തിന്റെ നല്ല മാതൃകയാണെന്നും ഫാദര്‍ തേലക്കാട് പറഞ്ഞു.
വര്‍ഗീയ വാദങ്ങളോട് തൃക്കാക്കരയിലെ ജനങ്ങള്‍ മുഖംതിരിച്ചതിന്റെ നേര്‍ചിത്രമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികളിലേക്ക് രാഷ്ട്രീയം കയറരുതായിരുന്നു. ഈ കാര്യം സര്‍ക്കാരും പാര്‍ട്ടിയും ശ്രദ്ധിക്കണമായിരുന്നു. പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമ്പോള്‍ വിവേകപരമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കണമെന്നും പോള്‍ തേലക്കാട് വ്യക്തമാക്കി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോ ജോസഫിനെ തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി ഫാ. പോള്‍ തേലക്കാട് രംഗത്തെത്തിയിരുന്നു. സ്വന്തം കാര്യം നേടിയെടുക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കുന്ന നേതാക്കള്‍ സീറോ മലബാര്‍ സഭയിലുണ്ടെന്നായിരുന്നു സത്യദീപം എഡിറ്ററും സീറോ മലബാര്‍ സഭ മുന്‍ വക്താവുമായ ഫാ.പോള്‍ തേലക്കാട് പറഞ്ഞത്.
ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന ആരോപണം വരാതിരിക്കാന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ശ്രദ്ധിക്കണമായിരുന്നു. തങ്ങളിടപെട്ടില്ലെന്ന് പറഞ്ഞ് ജോര്‍ജ് ആലഞ്ചേരി വാര്‍ത്താക്കുറിപ്പിറക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പോള്‍ തേലക്കാട് പറഞ്ഞു.