സഹകരണ ബാങ്കുകള്‍ ഇന്നും നാളെയുമുള്ള അവധി റദ്ദാക്കി
ഇന്ന് പൂര്‍ണമായും നാളെ അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്
കോഴിക്കോട്: 2 ദിവസത്തെ ബാങ്ക് അവധിയും 2 ദിവസത്തെ പൊതുപണിമുടക്കും കാരണം ഇന്നു മുതല്‍ 4 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തനം തടസപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം.സഹകരണ രജിസ്ട്രാറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ന് പൂര്‍ണമായും നാളെ അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.അതേ സമയം മറ്റു ബാങ്കുകള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല.
ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ 3 എണ്ണം സംസ്ഥാനത്തു പണിമുടക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണു സമരത്തില്‍ പങ്കെടുക്കുന്നത്.
സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലായതിനാല്‍ ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ, ഗ്രാമീണ്‍ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടും. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടണമെന്നില്ല.പ്രധാന സംഘടന പണിമുടക്കില്‍ പങ്കെടുക്കാത്തത് കാരണം സ്‌റ്റേറ്റ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളും തടസപ്പെടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.