കണ്ടെയിന്‍മെന്റ് സോണില്‍ ബലികര്‍മവും സമൂഹപ്രാര്‍ഥനയും പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വയനാട് ജില്ലാ ഭരണകൂടം
കല്‍പ്പറ്റ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. പള്ളികളില്‍ സാമൂഹിക പ്രാര്‍ഥനകള്‍ക്ക് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം. മാര്‍ഗനിര്‍ദേശങ്ങളില്‍ പറഞ്ഞ എണ്ണത്തേക്കാള്‍ കൂടാന്‍ പാടില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ സമൂഹപ്രാര്‍ത്ഥനകളോ ബലി കര്‍മങ്ങളോ അനുവദിക്കില്ല.
കണ്ടെയിന്‍മെന്റ് അല്ലാത്ത പ്രദേശങ്ങളില്‍ ബലികര്‍മങ്ങളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
ബലി കര്‍മങ്ങള്‍ വീട്ടുപരിസരത്ത് മാത്രമെ നടത്താന്‍ അനുവദിക്കുകയുള്ളു. അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല.
കണ്ടെയിന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ മാത്രമെ മാംസവിതരണം നടത്താന്‍ പാടുള്ളൂ. ഹോം ഡെലിവറി മുഖേന മാംസം വീടുകളില്‍ എത്തിച്ചു നല്‍കുന്നയാള്‍ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കുകയും എത്ര വീടുകളില്‍ കയറി, എത്ര ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തി തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുമാണ്.
കഴിഞ്ഞ 14 ദിവസത്തിനകം പനി തുടങ്ങിയ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും ശ്വാസസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും യാതൊരു കാരണവശാലും സമൂഹപ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പാടില്ല.
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സ്വന്തം വീട്ടില്‍ പോലും നടക്കുന്ന സമൂഹ പ്രാര്‍ത്ഥനകളിലോ ബലികര്‍മങ്ങളിലോ പങ്കെടുക്കരുത്.