ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്ത് ജീവനക്കാര്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി

Update: 2022-07-19 15:45 GMT

മാള: ഉപഭോക്താക്കള്‍ക്ക് നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്ത് ജീവനക്കാര്‍ ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. പുത്തന്‍ചിറ മങ്കിടിയിലുള്ള എച്ച്ഡിഎഫ്‌സി ബാങ്കിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് അരങ്ങേറിയത്. ഇതുസംബന്ധിച്ച് ഏഴ് പേര്‍ മാള പോലിസില്‍ പരാതി നല്‍കി. ബാങ്ക് മാനേജരും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കിഴുത്താണി സ്വദേശി എം എസ് രാജേഷ്, പുത്തന്‍ചിറ സ്വദേശികളായ അഞ്ചേരി എ ഡി റിജു, അടിയാനിപ്പറമ്പില്‍ ഷിയാസ്, അടിയാനിപ്പറമ്പില്‍ റിയാസ്, തൈനാത്ത് ബാബു, തൊഴുത്തിങ്കല്‍ രത്‌നകുമാര്‍, മഠത്തിപ്പറമ്പില്‍ മുരളി എന്നിവരാണ് മാള പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.

എച്ച്ഡിഎഫ്‌സി മങ്കിടി ശാഖയിലെ ജീവനക്കാരായ രണ്ടുപേര്‍ക്കെതിരേയാണ് പരാതി. ഷിയാസിന്റെ പേരില്‍ അഞ്ചുലക്ഷത്തിലധികം രൂപയുടെ ബാധഥ്യതയാണ്. റിയാസിന് 1,94,000 രൂപ, റിജുവിന്റെ പേരില്‍ 50,000, ബാബുവിന്റെ പേരില്‍ 45,000, കുമാറിന്റെ പേരില്‍ 2,14,222, മുരളിയുടെ പേരില്‍ 2,33,000, എം എസ് രാജേഷിന്റെ പേരില്‍ 100593 രൂപ എന്നിങ്ങനെയാണ് ബാധ്യതയുള്ളതായി പരാതിയില്‍ പറയുന്നത്. ബാങ്ക് നല്‍കിയ ക്രെഡിറ്റ് കാര്‍ഡിലൂടെ വായ്പ അനുവദിച്ചിട്ടുണ്ടെന്നും ആയത് അക്കൗണ്ടിലേക്ക് വരവുവെക്കുന്നതിനായി ഫോണിലേക്ക് വരുന്ന ഒടിപി നമ്പര്‍ അറിയിക്കണമെന്നുമാണ് ജീവനക്കാരായ രണ്ടുപേര്‍ ആവശ്യപ്പെട്ടതെന്ന് പരാതിക്കാര്‍ പറയുന്നു.

ബാങ്കില്‍നിന്ന് ഒടിപി അയക്കുമ്പോള്‍ത്തന്നെ ഉപഭോക്താക്കളെ വിളിച്ച് ഉറപ്പുവരുത്തും. തുടര്‍ന്ന് വായ്പാത്തുക ജീവനക്കാര്‍ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു പതിവ്. വലിയ കുടിശ്ശിക വന്ന് ക്രെഡിറ്റ് കാര്‍ഡ് വിഭാഗം വിളിച്ചപ്പോഴാണ് വായ്പാ വിവരം ഉപഭോക്താക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് അന്വേഷണത്തില്‍ തട്ടിപ്പ് പുറത്തായി. ഉപഭോക്താക്കള്‍ പോലിസിനെ സമീപിച്ചതോടെ ബാങ്ക് മാനേജര്‍ ടി ജെ ജെനില്‍ ജോണും പരാതി നല്‍കിയിട്ടുണ്ട്. ബാങ്കിലെ ജീവനക്കാര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഇദ്ദേഹത്തിന്റെ പരാതിയിലും സൂചനയുണ്ട്.

ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയില്‍ വായ്പാവിഭാഗം കൈകാര്യം ചെയ്തിരുന്ന ജീവനക്കാരായ വിപിന്‍, അരുണ്‍ അരവിന്ദ് എന്നിവരുടെ പേരുകളാണുള്ളത്. ഇരുഭാഗത്തുനിന്നും പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും മാള പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സജിന്‍ ശശി പറഞ്ഞു. ഇതിനിടെ ഉപഭോക്താക്കളുമായി സംസാരിച്ച് പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ബാങ്ക് മാനേജര്‍ക്ക് നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നെങ്കിലും നടപടികളുണ്ടായിരുന്നിരുന്നില്ല.

Tags:    

Similar News