വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യുന്നതായി പരാതി: പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരേ ഉപരോധം

Update: 2020-09-18 14:29 GMT

മാളഃ വോട്ടര്‍പട്ടികയില്‍ പേരുള്ള പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായവരില്‍ എതിര്‍ രാഷ്ട്രീയമുള്ളവരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നുവെന്നും അതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൂട്ട് നില്‍ക്കുന്നുവെന്നും ആരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വോട്ടര്‍പട്ടികയിലെ ആക്ഷേപങ്ങള്‍ സംബന്ധിച്ച ഹിയറിംഗ് ഗ്രാമപഞ്ചായത്തില്‍ നടക്കുന്നതിനിടെ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറി താജുദ്ദീനെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ സെക്രട്ടറി തീരുമാനമെടുത്തതായാണ് സിപിഎം ആക്ഷേപം.

ഗ്രാമപഞ്ചായത്തില്‍ വോട്ടുള്ള നിരവധി ആളുകളെ വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടിമാറ്റാനായി ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതായും ഇതിന് സഹായകരമായ സമീപനം സെക്രട്ടറി സ്വീകരിക്കുന്നതായും നേതാക്കള്‍ ആരോപിച്ചു. പോലിസിന്റെ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പിന് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് സിപിഎം പ്രതിഷേധം അവസാനിപ്പിച്ചത്. സിപിഎം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, പുത്തന്‍ചിറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം എം നൗഷാദ്, വി എന്‍ രാജേഷ്, പി സൗദാമിനി, എ വി ഉണ്ണികൃഷ്ണന്‍, പി കെ ഉത്തമന്‍, ധനുഷ്‌കുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

എന്നാല്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ആരെയും നീക്കംചെയ്യാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. അനര്‍ഹരായവരെ നീക്കം ചെയ്യാനായി ഫോറം നമ്പര്‍ അഞ്ച് പ്രകാരം നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരണം തേടാനായി ഇരുകക്ഷികളെയും വിളിച്ചുകൊണ്ടുള്ള ഹിയറിംഗ് നടക്കുകയാണ്. ഹിയറിംഗിന് ശേഷം എല്ലാ വസ്തുതകളും പരിശോധിച്ചതിനു ശേഷം മാത്രമേ നീക്കംചെയ്യാനുള്ള തീരുമാനം എടുക്കുകയെന്നും സെക്രട്ടറി പറഞ്ഞു. 

Similar News