യുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ അലി ഖാംനഈ

ഇസ്‌ലാം, ധാര്‍മികത, ശരീഅത്ത്, അന്താരാഷ്ട്ര നിയമം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരിച്ചടി.

Update: 2024-11-02 11:26 GMT

തെഹ്‌റാന്‍: ഇറാനും പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്കുമെതിരേ ചെയ്യുന്ന ക്രൂരതകള്‍ക്ക് യുഎസും ഇസ്രായേലും തീര്‍ച്ചയായും തിരിച്ചടി നേരിടുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈ. അത് ഇറാന്റെ പ്രതികാരമായിരിക്കില്ലെന്നും യുക്തിസഹമായ നടപടിയായിരിക്കുമെന്നും ഇസ്‌ലാമിക വിപ്ലവത്തിന്റെ ഭാഗമായി 1979ല്‍ യുഎസ് എംബസി പിടിച്ചെടുത്തതിന്റെ വാര്‍ഷികത്തില്‍ അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക നിയമങ്ങള്‍ക്കും ധാര്‍മിക തത്വങ്ങള്‍ക്കും ശരീഅത്തിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായ നടപടിയായിരിക്കും ഇറാന്‍ സ്വീകരിക്കുക.

ഇസ്രായേലിന്റെ ധിക്കാരപരമായ നടപടികള്‍ക്ക് സൈനികമായും ആയുധപരമായും രാഷ്ട്രീയപരമായും മറുപടി നല്‍കാന്‍ നാം തയ്യാറെടുക്കുകയാണ്. നമ്മുടെ ഉദ്യോഗസ്ഥര്‍ നിലവില്‍ അക്കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ധിക്കാരത്തില്‍ ഊന്നിയ ക്രിമിനല്‍ സംവിധാനം നയിക്കുന്ന ആഗോളക്രമത്തെ നേരിടാന്‍ നമുക്ക് കഴിയും. ഇതില്‍ ഒരു വീഴ്ച്ചയും ഉണ്ടാവില്ല. രാജ്യമെന്ന നിലയില്‍ ഇറാനും അതിന്റെ ജനതക്കും ഉദ്യോഗസ്ഥര്‍ക്കും വീഴ്ച്ച വരുത്താന്‍ സാധിക്കില്ല.

1979ല്‍ തെഹ്‌റാനിലെ യുഎസ് എംബസി കേവലം ഒരു നയതന്ത്ര കേന്ദ്രമോ രഹസ്യാന്വേഷണ കേന്ദ്രമോ ആയിരുന്നില്ലെന്നും ആയത്തുല്ലാ അലി ഖാംനഈ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിക വിപ്ലവത്തെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന കേന്ദമായിരുന്നു യുഎസ് എംബസി.

ഇസ്‌ലാമിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയ ഇറാന് അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ നില്‍ക്കാനുള്ള ബാധ്യതയുണ്ട്. ധിക്കാരത്തെ നേരിടലും ഇറാന്റെ കടമയാണ്. സൈനികമായും സാമ്പത്തികമായും സാംസ്‌കാരികമായും രാജ്യങ്ങളെ അപമാനിക്കുന്നതും ധിക്കാരം തന്നെയാണ്. കാലങ്ങളായി ഇറാനിയന്‍ ജനത അപമാനിക്കപ്പെടുകയാണ്. ആഗോള ധിക്കാരത്തോട് നാം ഏറ്റുമുട്ടല്‍ തുടരുമെന്നും ആയത്തുല്ലാ അലി ഖാംനഈ കൂട്ടിചേര്‍ത്തു.


Full View
Tags:    

Similar News