സ്വത്ത് കണ്ട് കെട്ടിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം;നിയമപരമായി നേരിടും:കെഎം ഷാജി
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് ഇഡി കണ്ടുകെട്ടിയത്
രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ സംഘപരിവാര്‍ കേന്ദ്ര ഏജന്‍സികളെയും ഇഡിയെയും ആയുധമാക്കുന്നുവെന്ന് വിളിച്ചു പറഞ്ഞ്‌കൊണ്ടേയിരിക്കുന്ന സിപിഎം തന്നെ അതേ ഏജന്‍സിയെ കൂട്ടുപിടിച്ച് പകപോക്കുകയാണ്. ഈ രാഷ്ട്രീയ പകപോക്കലിന്റെ തിരക്കഥ വ്യക്തമാണെന്നും കെഎം ഷാജി പറഞ്ഞു.പിണറായി വിജയന്റെ വിജിലന്‍സ് അന്വേഷണത്തില്‍ കഴമ്പില്ലെന്നു ബോധ്യപ്പെട്ട് തള്ളിയ പരാതി കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറിയത് തിരക്കഥയുടെ ഭാഗമായാണ്.
അനീതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് ഭയപ്പെട്ട് പിന്‍മാറുകയോ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ല.ആരില്‍ നിന്നും കൈകൂലി വാങ്ങുകയോ,വരവില്‍ കവിഞ്ഞ് സമ്പാദിക്കുകയോ ചെയ്തിട്ടില്ല.കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പാണെന്നും, സ്വത്ത് കണ്ടുകെട്ടല്‍ ശ്രമം നടത്തിയവര്‍ക്ക് അവസാനം നിരാശരാകേണ്ടിവരുമെന്നും കെഎം ഷാജി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണു ഭാര്യയുടെ പേരിലുള്ള വീട് കണ്ടുകെട്ടുന്നത്. കൈക്കൂലിയായി വാങ്ങിയ പണം വീടിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചു എന്ന കണ്ടെത്തിയതിനാലാണ് നടപടി ആരംഭിച്ചതെന്ന് ഇഡി അറിയിച്ചു.വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രില്‍ 18നാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ 2021 മേയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം നടക്കുന്നുണ്ട്.
കൈക്കൂലി വാങ്ങിയെന്ന ആരോപണം തെളിയിക്കാനാവാതെ വന്നതോടെ കോഴിക്കോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം തുടങ്ങിയ തന്റെ വീടിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടന്നതെന്നും,സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള പിഡബ്ല്യുഡി 1.90 കോടി രൂപ വീടിന് കണക്കാക്കി അതില്‍ 25 ലക്ഷം കണക്കില്‍ പെടാത്തതുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും കെ എം ഷാജി ആരോപിച്ചു.