കെ എം ഷാജിയില്‍നിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കണം; വിജിലന്‍സിനോട് ഹൈക്കോടതി
കൊച്ചി: മുസ് ലിം ലീഗ് നേതാവും അഴീക്കോട് മണ്ഡലം മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് തിരിച്ചടി. ഷാജിയില്‍നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ബാങ്ക് ഗാരണ്ടി വച്ച് പണം തിരിച്ചുകൊടുക്കാനാണ് കോടതി നിര്‍ദേശം. വിജിലന്‍സ് പിടിച്ചെടുത്ത തുക തിരികെ നല്‍കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. പ്രാദേശിക സിപിഎം പ്രവര്‍ത്തകന്റെ പരാതിയിലാണ് കെ എം ഷാജിക്കെതിരേ വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴീക്കോട്ടെ വീട്ടിലുള്‍പ്പെടെ നടത്തിയ റെയ്ഡില്‍ 47 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത പണം അനധികൃതമായി സമ്പാദിച്ചതാണെന്ന് വിജിലന്‍സ് വാദിച്ചെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിരിച്ച പണമാണെന്ന് ഷാജി വാദിച്ചു. ഇതിനിടെ, ഷാജിക്കെതിരായ കേസിന്റെ തുടര്‍ നടപടികള്‍ പിന്നീട് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ പിടിച്ചെടുത്ത പണം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കി. ഈ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്.