ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ പത്താം സ്ഥാനാര്‍ഥി പട്ടികയിലും വയനാടും വടകരയുമില്ല. പശ്ചിമ ബംഗാളിലെ 25 മണ്ഡലങ്ങളിലും മഹാരാഷ്ട്രയില്‍ ഒരു സീറ്റിലുമാണ് പത്താം പട്ടികയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്.തമിഴ്‌നാട്, കര്‍ണാടക,ബീഹാര്‍, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമാവാത്തതാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകാന്‍ കാരണം.
വയനാട്ടില്‍ നേരത്തെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്ന ടി സിദ്ദിഖ് മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറിയതോടെ താന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറുമെന്ന് സിദ്ദിഖ് അറിയിച്ചിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന മറ്റൊരു സീറ്റായ വടകരയില്‍ തര്‍ക്കങ്ങളൊന്നുമില്ലെങ്കിലും വയനാടിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം മതിയെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. വടകരയിലെ സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ സജീവമായി പ്രചാരണരംഗത്തുണ്ട്.