കെ സുധാകരനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം; സമ്മര്‍ദ്ധ തന്ത്രവുമായി ഗ്രൂപ്പ് നേതാക്കള്‍

വിഡി സതീശനോട് കാട്ടിയ മൃദുസമീപനം കെ സുധാകരനോട് ഉണ്ടാവില്ലെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ നല്‍കുന്ന സൂചന. സുധാകരനെ പരിഗണിച്ചാല്‍ ഗ്രൂപ്പ് നേതാക്കളുടെ പരസ്യ പ്രതിഷേധമുണ്ടാവുമെന്ന് ഹൈക്കമാന്‍ഡും കരുതുന്നു

Update: 2021-05-24 06:15 GMT

തിരുവനന്തപുരം: 99 അംഗങ്ങളുമായി ഭരണത്തുടര്‍ച്ചയോടെ പിണറായി വിജയന്‍ എത്തുമ്പോള്‍, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാവുമെന്ന് എതാണ്ട് ഉറപ്പായ പശ്ചാത്തലത്തില്‍ എ-ഐ ഗ്രൂപ്പുകള്‍ പടയൊരുക്കം തുടങ്ങി. ഇരു ഗ്രൂപ്പ് നേതാക്കളും എഐസിസിക്ക് മുന്നിലാണ് സുധാകരനെതിരേ സമ്മര്‍ദ്ധ തന്ത്രവുമായി എത്തുന്നത്. കോണ്‍ഗ്രസ് തലമുറ മാറ്റം പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ മാത്രമല്ല, കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിലും അതേ നയം തുടരുമെന്നാണ് സൂചന.

അതേസമയം, കെ സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തുന്നതോടെ തങ്ങളുടെ അസ്തിത്വം തന്നെ ഇല്ലാവുമെന്ന് എ ഐ ഗ്രൂപ്പുകള്‍ക്ക് അറിയാം. അതുകൊണ്ട് വിഡി സതീശനോട് കാട്ടിയ മൃദുസമീപനം, കെ സുധാകരനോട് വേണ്ട എന്നാണ് ഇരു ഗ്രൂപ്പുകളും തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മൃഗീയ ഭൂരിപക്ഷത്തോടെ മുന്നേറുന്ന ഇടതുപക്ഷത്തെ പിടിച്ച് കെട്ടാന്‍ കെ സുധാകന്‍ എത്തിയാലേ സാധ്യമാവൂ എന്ന് ഗ്രൂപ്പിനതീതമായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍ സുധാകരന്റെ തീവ്ര നിലപാടുകളോട് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും യോജിപ്പില്ല.

സംഘടനയില്‍ കാര്യമായ സ്വാധീനിമില്ലാത്ത സുധാകരന് പ്രവര്‍ത്തരെ ഒരുമിപ്പിക്കാന്‍ കഴിയില്ലെന്നും ഗ്രൂപ്പ് നേതാക്കള്‍ എഐസിസിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, വിഡി സതീശന്റെ കാര്യത്തില്‍ ഹൈക്കാമാന്റ് തീരുമാനം വിയോജിപ്പോടെയാണെങ്കിലും പരസ്യപ്രതികരണത്തിന് ആരും സന്നദ്ധമായില്ല. പക്ഷെ, സുധാകരന്റെ കാര്യത്തില്‍ അങ്ങനെയാവില്ലെന്ന് ഹൈക്കമാന്‍ഡും കരുതുന്നു. എന്നാല്‍ എഐസിസി സെക്രട്ടറി കെസി വേണുഗോപാലിന്റെ നിലപാടായിരിക്കും ഒരുപക്ഷേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക. വിഡി സതീശനെ പ്രതിപക്ഷ നേതാവായി ഉയര്‍ത്തിയതും കെസി വേണുഗോപാലാണെന്നത് പരസ്യമായ രഹസ്യമാണ്.

Tags:    

Similar News