കോണ്‍ഗ്രസ് യുവാക്കളെ മയക്കുമരുന്നിന്റെ ലോകത്തെത്തിയ്ക്കുന്നു; വിവാദ പരാമര്‍ശവുമായി അമിത് ഷാ

ഡല്‍ഹിയില്‍ അടുത്തിടെ നടന്ന 5000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയെത്തുടര്‍ന്നായിരുന്നു വിവാദപരാമര്‍ശം

Update: 2024-10-04 10:28 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇന്ത്യയിലെ യുവാക്കളെ മയക്കുമരുന്നിന്റെ ലോകത്തിലേക്ക് കൊണ്ടുപോകുന്നെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ അടുത്തിടെ നടന്ന 5000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയെത്തുടര്‍ന്നായിരുന്നു വിവാദപരാമര്‍ശം. യുവാക്കളെ മയക്കുമരുന്നിന്റെ ചെളിക്കുണ്ടിലേക്ക് തള്ളിവിടാന്‍ കോണ്‍ഗ്രസ് നേതാവ് തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നത് മോദി ഒരിക്കലും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

''ഉത്തരേന്ത്യയില്‍ നിന്ന് പിടികൂടിയ മയക്കുമരുന്ന് ശേഖരം അങ്ങേയറ്റം അപകടകരവും ലജ്ജാകരവുമാണ്. ബുധനാഴ്ച തെക്കന്‍ ദല്‍ഹിയില്‍ നടത്തിയ റെയ്ഡില്‍ 5,600 കോടി രൂപ വിലമതിക്കുന്ന 500 കിലോയിലധികം മയക്കുമരുന്നാണ് പിടി കൂടിയത്. ബുധനാഴ്ച അറസ്റ്റിലായ തുഷാര്‍ ഗോയല്‍ എന്ന 40കാരന്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ സൂത്രധാരനാണെന്ന് ഡല്‍ഹി പോലീസ് പറയുന്നു. മയക്കുമരുന്ന് വേട്ടയിലെ പ്രതി തുഷാര്‍ ഗോയലുമായി ബന്ധമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ സത്യമതല്ല, കോണ്‍ഗ്രസ് യുവാക്കളെ വഴി തെറ്റിക്കുകയാണ്. ഇന്ത്യയെ ലഹരി വിമുക്ത രാജ്യമാക്കാനാണ് ഞങ്ങളുടെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അത് നിറവേറ്റും'' അമിത് ഷാ പറഞ്ഞു

കോണ്‍ഗ്രസിന്റെ ഭരണകാലത്ത് പഞ്ചാബിലും ഹരിയാനയിലും ഉത്തരേന്ത്യയിലും മയക്കുമരുന്ന് മൂലം യുവാക്കള്‍ നേരിടുന്ന ദുരവസ്ഥ എല്ലാവരും കണ്ടതാണ്. മോദി സര്‍ക്കാര്‍ യുവാക്കളെ സ്പോര്‍ട്സിലേക്കും വിദ്യാഭ്യാസത്തിലേക്കും നവീകരണത്തിലേക്കും കൊണ്ടുപോകുമ്പോള്‍ അവരെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News