ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിന് 2023 ഫെബ്രുവരിയില്‍ ഛത്തിസ്ഗഢിലെ റായ്പൂര്‍ വേദിയാവും. അധ്യക്ഷ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പിരിച്ചുവിട്ട പാര്‍ട്ടിയിലെ ഉന്നതാധികാര സമിതിയായ വര്‍ക്കിങ് കമ്മിറ്റിയുടെ ബദല്‍ സംവിധാനമായ സ്റ്റിയറിങ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്.
പ്ലീനറി സമ്മേളനത്തില്‍ രൂപീകരിക്കുന്ന പുതിയ വര്‍ക്കിങ് കമ്മിറ്റി, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ച നടപടിക്ക് ഔദ്യോഗിക നിയമസാധുത നല്‍കും. മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തിസ്ഗഡ് മുഖ്യന്‍ ഭൂപേഷ് ഭാഗല്‍, പി ചിദംബരം, അംബിക സോണി തുടങ്ങിയവര്‍ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. 2023 നവംബറില്‍ നടക്കാനിരിക്കുന്ന ഛത്തിസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടാണ് പ്ലീനറി സമ്മേളനത്തിന്റെ വേദി നിശ്ചയിച്ചത്.