സച്ചാര്‍ വിധിയില്‍ സമവായം: ക്രിസ്ത്യന്‍ സംവരണത്തില്‍ അപ്പീല്‍; മറ നീങ്ങുന്നത് സര്‍ക്കാരിന്റെ ഇരട്ട നീതി

Update: 2021-08-07 09:15 GMT

പി സി അബ്ദുല്ല 

കോഴിക്കോട്: മുസ്‌ലിം ക്രിസ്ത്യന്‍ വിഷയങ്ങളിലെ പിണറായി സര്‍ക്കാരിന്റെ വിവേചനവും ഇരട്ട നീതിയും വീണ്ടും മറ നീങ്ങുന്നു. സച്ചാര്‍ ശുപാര്‍ശകള്‍ പ്രകാരം മുസ്‌ലിംകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞ കോടതി വിധിക്കെതിരെ ചെറുവിരല്‍ അനക്കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍, നാടാര്‍ ക്രിസ്ത്യന്‍ സംവരണം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ തിടുക്കപ്പെട്ട് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത് ചര്‍ച്ചയാവുകയാണ്.

സച്ചാര്‍ സമിതിയുടെ സാധുത പരിഗണിക്കാതെയാണ് 80:20 കേസിലെ ഹൈക്കോടതി വിധിയെന്ന് സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടിയടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവണമെന്ന് മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ വഴങ്ങിയില്ല. മുസ്‌ലിം സമുദായത്തിന് 80 ശതമാനത്തില്‍ നിന്നും 60 ശതമാനത്തില്‍ താഴെയായി കുറയുന്ന വിധത്തില്‍ പ്രത്യേക ഉത്തരവിറക്കി കോടതി വിധി നടപ്പാക്കുകയാണ് ചെയ്തത്.

മുസ്‌ലിംകള്‍ക്കുമാത്രമായി ആവിഷ്‌കരിക്കപ്പെട്ട സച്ചാര്‍ സമിതി പദ്ധതികളെ ജനസംഖ്യാനുപാതിക വീതം വയ്പാക്കി മുസ്‌ലിം സമുദായത്തെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 80:20 അധുപാതം റദ്ദാക്കിയ കോടതി വിധിക്കെതിരായ പ്രതിഷേധങ്ങളെ വര്‍ഗീയവത്കരിക്കുന്ന സമീപനമാണ് സര്‍ക്കാരും സ്വീകരിച്ചത്.

അതേസമയം, രാഷ്ട്രപതി നിശ്ചയിക്കുന്നതുവരെ പിന്നാക്കക്കാരുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി നാടാര്‍ ക്രിസ്ത്യന്‍ സംവരണം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപ്രിംകോടതി വിധി പോലും മറികടന്ന് നിയമ പോരാട്ടം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ തീരുമാനം സ്‌റ്റേ ചെയ്യാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നാണ് നിയമ മന്ത്രി അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോവാനാണ് തീരുമാനം. മറാത്ത കേസിനു മുമ്പ് സംവരണം തീരുമാനിച്ചുവെന്ന സാങ്കേതികത്തം ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സുപ്രിംകോടതി വിധിക്ക് മുമ്പുള്ള സംവരണ ഉത്തരവ് നിയമപരമായി നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തയാഴ്ചയാവും സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുക. 

സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്.ഐ.യു.സി.) ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, അക്ഷയ് എസ്. ചന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്.

മറാത്താ സംവരണവുമായി ബന്ധപ്പെട്ട് ജയ്ശ്രീ ലക്ഷ്മണ്‍ റാവു, പാട്ടീല്‍ കേസിലെ ഉത്തരവനുസരിച്ച് 102ാം ഭേദഗതിക്കുശേഷം രാഷ്ട്രപതി നിശ്ചയിക്കുന്നതുവരെ, പിന്നാക്കക്കാരുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ഹൈക്കോടതി ക്രിസ്ത്യന്‍ നാടാര്‍ സംവരണം റദ്ദാക്കിയത്.

2018 ആഗസ്ത് 15 മുതല്‍ ഏതെങ്കിലുമൊരു വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്നു നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിന് ഇല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. രാഷ്ട്രപതിക്കാണ് അധികാരം. മറാത്താ സംവരണക്കേസിലെ സുപ്രീംകോടതി ഉത്തരവും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹരജി തീര്‍പ്പാക്കുന്നതുവരെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.

സിഎസ്‌ഐ നാടാര്‍ വിഭാഗത്തിന് പുറത്തുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങള സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ഉത്തരവിറക്കിയത്. 

സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ഗണക സമുദായത്തില്‍ പെട്ട കോട്ടയം പേരൂര്‍ സ്വദേശി അക്ഷയ് എസ് ചന്ദ്രനും വട്ടിയൂര്‍ക്കാവ് സ്വദേശി കുട്ടപ്പന്‍ ചെട്ടിയാരും സമര്‍പ്പിച്ച ഹരജിയിലെ ജസ്റ്റീസ് പിബി സുരേഷ് കുമാറിന്റെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സ്വമേധയാ അപ്പീല്‍ നല്‍കുന്നത്. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്‍ വഴിയും മറ്റും കോടികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനു പുറമെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നാടാര്‍ ക്രിസ്ത്യാനികളെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയത്. 

Tags:    

Similar News