സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് ഇല്ലായ്മ ചെയ്യുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: കെഎടിഎഫ്
കല്‍പ്പറ്റ: സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിനെ ഇല്ലായ്മ ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായി രംഗത്തിറങ്ങണമെന്ന് വയനാട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ടി മുഹമ്മദ് ആവശ്യപ്പെട്ടു. കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ (കെഎടിഎഫ്) ജില്ലാ കമ്മിറ്റി ഭാഷാ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമാക്കി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും സച്ചാര്‍, പാലോളി കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ തള്ളിക്കളയുന്നതിന് തുല്യമാണെന്നും വെബിനാറില്‍ സംസാരിച്ചവര്‍ പറഞ്ഞു.
വിശദമായ ചര്‍ച്ചയോ പഠനമോ ഇല്ലാതെ സെക്രട്ടറിതല സമിതിയുടെ ധൃതിയില്‍ തട്ടിക്കൂട്ടിയ റിപോര്‍ട്ട് തള്ളിക്കളയണം. സച്ചാര്‍, പാലോളി കമ്മിറ്റികളുടെ അന്തസത്ത ഉള്‍കൊണ്ടുള്ള തീരുമാനമാണ് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവേണ്ടതെന്നും വെബിനാര്‍ വിലയിരുത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. പി സി അബൂബക്കര്‍ കൊടിയത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എം പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഇ കെ മുഹമ്മദ് ശരീഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം പി അബ്ദുല്‍സലാം, ട്രഷറര്‍ ശിഹാബ് മാളിയേക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി കെ ജാഫര്‍, പ്രോഗ്രാം കണ്‍വീനര്‍ പി അബ്ദുല്‍ജലീല്‍ സംസാരിച്ചു.