ആരാധനാലയങ്ങള്‍ക്കുള്ള നിര്‍മാണാനുമതി: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കാന്തപുരം

ആരാധനാലയ നിര്‍മാണാനുമതി വര്‍ഷങ്ങളായി ജില്ലാ ഭരണകൂടത്തിന് കീഴിലായിരുന്നതിനാല്‍ നിയമപരമായ നൂലാമാലകള്‍ കാരണം നിരവധി സ്ഥലങ്ങളില്‍ നിര്‍മാണം പ്രതിസന്ധിയിലായിരുന്നു.

Update: 2021-02-10 18:19 GMT

കോഴിക്കോട്: ആരാധനാലയങ്ങള്‍ നിര്‍മിക്കാനാനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ കേരള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍.

ആരാധനാലയ നിര്‍മാണാനുമതി വര്‍ഷങ്ങളായി ജില്ലാ ഭരണകൂടത്തിന് കീഴിലായിരുന്നതിനാല്‍ നിയമപരമായ നൂലാമാലകള്‍ കാരണം നിരവധി സ്ഥലങ്ങളില്‍ നിര്‍മാണം പ്രതിസന്ധിയിലായിരുന്നു. ഏത് വിശ്വസികളുടെയും ജീവിതവുമായി വളരെ ആഴത്തില്‍ ബന്ധമുള്ളതാണ് ആരാധനാലയങ്ങള്‍. സമൂഹം വികസിക്കുകയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ജനവാസം വരികയും ചെയ്യുന്നതോടെ ആനുപാതികമായി ആരാധനാലയങ്ങളും അനിവാര്യമാണ്. സങ്കീര്‍ണ്ണമായിരുന്ന നിയമങ്ങള്‍ കാരണം മതപരമായ അനുഷ്ഠാന കര്‍മങ്ങള്‍ക്ക് വിദൂരസ്ഥലങ്ങളിലേക്കു പോകേണ്ട അവസ്ഥയിലായിരുന്നു പല പ്രദേശങ്ങളിമുണ്ടായിരുന്നത്. ആരാധനാലയ നിര്‍മാണാനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്നതോടെ വേഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഈ വിഷയത്തില്‍ ഉചിതമായ നടപടി വേണമെന്ന് നിരന്തരം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി നടത്തിയ മതസംഘടനാ നേതാക്കളുമായുള്ള ചര്‍ച്ചയിലും പ്രധാനമായി ഇക്കാര്യം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പരിഹാരമുണ്ടാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ നടപടി പ്രശംസനീയമാണെന്ന് കാന്തപുരം പറഞ്ഞു.

Tags:    

Similar News