കെ സുരേന്ദ്രന്റെ മകളെ കുറിച്ച് വിവാദ പരാമര്‍ശം: ഫേസ്ബുക്ക് ഐഡിക്കു പിന്നിലെ ദുരൂഹത ഏറുന്നു
യഥാര്‍ഥത്തില്‍ ഫറോഖ് സ്വദേശി കിരണ്‍ദാസിന്റെ അകൗണ്ടില്‍ നിന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ കുറിച്ച് മോശം പരാമര്‍ശം വന്നത്.
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മകള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിന് അശ്ലീല കമന്റ് നല്‍കിയ സംഭവത്തതില്‍ ദുരൂഹത ഏറുന്നു. മോശം കമന്റ് വന്ന അജ്‌നാസ് അജ്‌നാസ് എന്ന അകൗണ്ട് സംബന്ധിച്ചാണ് ദുരുഹത ഉയരുന്നത്. മറ്റൊരാളുടെ അകൗണ്ട് ഹാക് ചെയ്ത് പേരു മാറ്റിയ ശേഷം അതേ പേരിലുള്ള വേറൊരാളുടെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമായി ചേര്‍ത്താണ് വ്യാജ സന്ദേശം അയച്ചത് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
യഥാര്‍ഥത്തില്‍ ഫറോഖ് സ്വദേശി കിരണ്‍ദാസിന്റെ അകൗണ്ടില്‍ നിന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ കുറിച്ച് മോശം പരാമര്‍ശം വന്നത്. ഈ അകൗണ്ട് ഹാക് ചെയ്ത ശേഷം കിരണ്‍ദാസിന്റെ സ്ത്രീ സുഹൃത്തുക്കള്‍ക്കുള്‍പ്പടെ അശ്ലീല സന്ദേശം പോയിരുന്നു. ഇതിനെ തുടര്‍ന്ന് ജനുവരി 5ന് ഫറൂഖ് പോലിസില്‍ പരാതി നല്‍കിയതായി കിരണ്‍ദാസ് പറയുന്നു. നടപടി ഉണ്ടാകാതിരുന്നതോടെ 9ന് വീണ്ടും പരാതി നല്‍കി. ഇതിനിടെ ഫേസ്ബുക്ക് പേജിന്റെ പേര് അജ്‌നാസ് അജ്‌നാസ് എന്നാക്കി മാറ്റി. അജ്‌നാസ് എന്ന യുവാവിന്റെ ഫോട്ടോകളും ചേര്‍ത്തു. ഇതിനു ശേഷം വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന ധാരാളം പോസ്റ്റുകള്‍ ഇതില്‍ നിന്നും ചെയ്തിരുന്നു. ഒടുവിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ കുറിച്ചുള്ള അശ്ലീല പരാമര്‍ശവും കമന്റ് ചെയ്തത്.
പരാമര്‍ശം വിവാദമായതോടെ ബിജെപി പ്രവര്‍ത്തകര്‍ അജ്‌നാസിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഇത് തന്റെ അകൗണ്ട് അല്ല എന്നും മറ്റാരോ വ്യാജമായി തന്റെ ഫോട്ടോ ഉപയോഗിച്ച് ഇതേ പേരില്‍ അകൗണ്ട് ഉണ്ടാക്കിയതാണ് എന്നുമാണ് അജ്‌നാസ് പറയുന്നത്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.