'മതംമാറ്റം നിരോധിച്ചിട്ടില്ല, നിര്‍ബന്ധിത മതംമാറ്റം വ്യത്യസ്തം': ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: രാജ്യത്ത് മതംമാറ്റം നിരോധിച്ചിട്ടില്ലെന്നും പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഏത് മതം വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നും ഡല്‍ഹി ഹൈക്കോടതി. നിര്‍ബന്ധിതമതംമാറ്റവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം.
ആരെങ്കിലും നിര്‍ബന്ധപൂര്‍വം മതംമാറ്റുകയാണെങ്കില്‍ അത് മറ്റൊര കാര്യമാണ്- ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്‌ദേവും തുഷാര്‍ റാവുവും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
ബിജെപി നേതാവ് അശ്വിനി ഉപാധ്യായയാണ് പൊതുതാല്‍പര്യഹരജിയുമായി കോടതിയിലെത്തിയത്. ഭീഷണി, പീഡനം, വഞ്ചന എന്നിവയിലൂടെയും മന്ത്രവാദത്തിലൂടെയും മതംമാറ്റുന്നത് നിരോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിന് കേന്ദ്രം നിര്‍ദേശം നല്‍കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
ഹരജി പരിഗണിക്കുന്നതിനിടയില്‍ ഹരജിയുടെ അടിസ്ഥാനമെന്താണെന്ന് കോടതി ആരാഞ്ഞു.
നിങ്ങള്‍ മൂന്ന് സുപ്രിംകോടതി വിധികള്‍ നല്‍കി. മറ്റുള്ളവ നിങ്ങളുടെ ആരോപണമാണ്- കോടതി നിരീക്ഷിച്ചു.
ഹരജിക്കാരന്‍ ആരോപിക്കുന്നതുപോലെ കൂട്ടമതംമാറ്റം നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകള്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ വരുന്ന വിവരങ്ങളെ ഡാറ്റയായി പരിണഗിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.