കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ്: അന്വേഷണസംഘം പരാതിക്കാരെ കാണുന്നില്ല, മാനേജിങ് കമ്മിറ്റി പരിഹസിക്കുന്നതായും രക്ഷകര്‍ത്താക്കള്‍
വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കാണാന്‍ അവസരം വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു
തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്‌കൂളിലെ റാഗിങ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിദ്യാഭ്യാസ ഉപ യറക്ടര്‍ തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് പരാതിക്കാരി. വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കാണാന്‍ അവസരം വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പം ഇല്ല. അവര്‍ പരിഹാസത്തോടെയാണ് കാര്യങ്ങള്‍ കേള്‍ക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം, വേഗത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നം വലുതാക്കിയത് ഹെഡ്മാസ്റ്ററുടെ പിടിപ്പ് കേടാണെന്ന് മാനേജിങ് കമ്മറ്റി ചെയര്‍മാന്‍ പറയുന്നു. ഹൈഡ്മാസ്റ്റര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ പരാതികളില്‍ സ്‌കൂളിനെ തകര്‍ക്കാനുള ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മാനേജിങ് കമ്മിറ്റി പറഞ്ഞു. അതേസമയം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ് സന്തോഷ് കുമാര്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെത്തി. പരാതി അന്വേഷിക്കുന്നത് വിദ്യാഭ്യാസ ഉപഡയറക്ടറാണ്. പരാതിക്കാരിയെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കില്‍ കൈഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഈ വിദ്യാര്‍ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സ്‌കൂളിലെ മുതിര്‍ന്ന കുട്ടികള്‍ ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിക്കുന്നതായും പരാതി ഉണ്ട്. ഈ വിവരമറിഞ്ഞ് സ്‌കൂള്‍ അധികൃതര്‍ അത്തരം കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നുണ്ട്. എന്നാല്‍, എന്തിനാണ് കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതെന്ന് രക്ഷകര്‍ത്താക്കള്‍ ചോദിച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
മാസ്‌ക്ക് ഇട്ടിരുന്ന വിദ്യാര്‍ഥികള്‍ യൂനിഫോം ധരിച്ചിരുന്നില്ല. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യുപി സ്‌കൂള്‍ കുട്ടികളെ മുതിര്‍ന്ന കുട്ടികള്‍ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികളുണ്ടായിരുന്നു. എന്നാല്‍ പുറത്ത് നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കള്‍ സംശയിക്കുന്നു. സ്‌കൂള്‍ ഗെയിറ്റിനും ചുറ്റുമതിലിലും സിസിടിവി ക്യാമറകള്‍ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.