കൊല്‍ക്കത്ത: പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തിരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് പശ്ചമിബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തിരഞ്ഞെടുപ്പ് എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും മമത കുറ്റപ്പെടുത്തി. രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ബിജെപി ഛിന്നഭിന്നമാക്കുകയാണെന്നും അവര്‍ തുറന്നടിച്ചു. കര്‍ണാടകയില്‍ ഒരു സര്‍ക്കാര്‍ തന്നെ അട്ടിമറിക്കപ്പെട്ടപ്പോള്‍ ആരും ഒന്നും മിണ്ടിയില്ല. ബംഗാളിലും അത് തന്നെ നടക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. പക്ഷേ, അതിന് യാതൊരു സാധ്യതകളുമില്ല- മമത പറഞ്ഞു. ബംഗാളും പിടിച്ചെടുക്കുമെന്ന ബിജെപിയുടെ വെല്ലുവിളി എങ്ങനെ നടക്കുമെന്ന് താനൊന്ന് കാണട്ടെയെന്നും മമത കൂട്ടിച്ചേര്‍ത്തു. ശാരദാ ചിട്ടിതട്ടിപ്പു കേസിനെക്കുറിച്ചും അവര്‍ പ്രതികരിച്ചു. ഏത് അന്വേഷണ ഏജന്‍സി വന്നാലും, കുറ്റം ചെയ്യാത്തതിനാല്‍ തങ്ങള്‍ക്ക് ഭയമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.