കൊവിഡ് 19: ഇന്ത്യയില്‍ രോഗമുക്തര്‍ സജീവ രോഗികളുടെ എണ്ണത്തേക്കാള്‍ 3.5 ഇരട്ടിയായെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനത്തില്‍ ആശ്വാസം പകര്‍ന്ന് ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍. രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം സജീവ രോഗികളുടെ എണ്ണത്തേക്കാള്‍ 3.5 ഇരട്ടിയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 63,173 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 24,67,758.
പ്രതിദിന രോഗമുക്തരുടെ എണ്ണം 60,000 കടക്കാന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. രാജ്യം കൊവിഡ് പ്രതിരോധത്തില്‍ വിജയിക്കുകയാണെന്നതിന്റെ സൂചനയാണ് ഇതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണവും സജീവ രോഗികളുടെ എണ്ണവും തമ്മിലുള്ള വിടവ് വര്‍ധിച്ചുവരികയാണ്.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സജീവരോഗികളേക്കാള്‍ 17,60,486 എണ്ണം അധികമാണ് രോഗമുക്തര്‍. ഇതോടെ ഇന്ത്യയിലെ രോഗമുക്തി നിരക്ക് 76.30 ശതമാനമായി.
ഇന്നത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിതരില്‍ 21.87 ശതമാനം പേര്‍ മാത്രമാണ് സജീവ രോഗികള്‍.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യവിഭാഗങ്ങളുടെ ശ്രമഫലമാണ് ഈ വിജയമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അഭിപ്രായപ്പെട്ടു. നിലവില്‍ ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് 1.84 ശതമാനമാണ്.
ഇന്ത്യയില്‍ പ്രതിദിനം 8 ലക്ഷത്തില്‍ കൂടുതല്‍ പരിശോധനകളാണ് നടക്കുന്നത്. ഇതുവരെ 3,76,51,512 കൊവിഡ് പരിശോധനകളും രാജ്യത്ത് നടന്നു.