മെഡിക്കല്‍ ഷോപ്പുകളില്‍ എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്
പാലക്കാട്: മെഡിക്കല്‍ ഷോപ്പുകളില്‍ എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് ആന്റി കറപ്ഷന്‍ എന്ന സംഘടനയുടെ സെക്രട്ടറി ജാഫര്‍ അലി പത്തിരിപ്പാലയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയത്. 2024 ജൂലൈ മുതല്‍ മൊത്ത വ്യാപാര ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കിയാണ് ഉത്തരവ്.
സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാരം സംരക്ഷിക്കുവാന്‍ വേണ്ടി ജാഫര്‍ അലി പത്തിരിപ്പാല ആരോഗ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ നിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടി മെഡിക്കല്‍ ഷോപ്പുകളില്‍ എസി ഫിറ്റ് ചെയ്യുവാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. ആദ്യ ഘട്ടം മൊത്തവ്യാപാരികളും വിതരണക്കാരും എസി ഫിറ്റ് ചെയ്യണം.രണ്ടാം ഘട്ടത്തില്‍ ചെറുകിട മെഡിക്കല്‍ ഷോപ്പുകളും എസി ഫിറ്റ് ചെയ്യേണ്ടി വരും. കമ്പനി ഡിപ്പോകള്‍ക്ക് ഔഷധ വ്യാപാര ലൈസന്‍സ് അനുവദിക്കുന്നതിന് വ്യാപാര സ്ഥാപനത്തില്‍ എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കിയുള്ള ഡ്രഗ്‌സ് കണ്‍ട്രോളറുടെ ഉത്തരവ് നിലവിലുണ്ട്.