കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം: നെഹ്രുയുവ കേന്ദ്ര 1500 ഹെല്‍പ്പ് ഡെസ്്ക്കുകള്‍ ആരംഭിക്കും

Update: 2021-04-28 08:47 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യഥാര്‍ഥ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനും വാക്‌സിന്‍ എടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നുന്നതില്‍ സഹായിക്കുന്നതിനുമായി നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ കേരളത്തിലെ 1500 യൂത്ത് ക്ലബുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യൂത്ത് ക്ലബുകളുടെ പങ്കാളിത്തം ഊര്‍ജിത പ്പെടുത്തുന്നതിന് നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിച്ച വെപിനാറിലാണ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുടങ്ങാനുള്ള തീരുമാനം. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡിഷണല്‍ ഡയറക്ടര്‍, നെഹ്‌റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍, ജില്ലാ യൂത്ത് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന മാര്‍ഗനിര്‍ദേശമനുസരിച്ച് ജില്ലാ നെഹ്‌റു യുവകേന്ദ്രകളുടെ മേല്‍നോട്ടത്തിലായിരിക്കും ഹെല്‍പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനമെന്ന് സംസ്ഥാന ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ് അറിയിച്ചു.

ഓരോ ജില്ലയിലും 100 യൂത്ത് ക്ലബുകളിലാണ് ആദ്യ ഘട്ടത്തില്‍ ഡെസ്‌കുകള്‍ തുടങ്ങുന്നത്. പിന്നീട് നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്യ്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളിലും ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം വ്യപിപ്പിക്കും. സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ വാര്‍ഡ് തലത്തില്‍ രൂപീകരിച്ചിട്ടുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ .എല്‍ സരിത അഭ്യര്‍ഥിച്ചു.

Tags:    

Similar News