മലപ്പുറം ജില്ലയില്‍ കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും സ്വകാര്യ ആശുപത്രികളില്‍ സൗകര്യമൊരുക്കും; കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കും
സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ഒപി ഉള്‍പ്പടെ പ്രവര്‍ത്തിക്കേണ്ടതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
മലപ്പുറം: ജില്ലയിലെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് പരിശോധനയ്ക്കും ചികിത്സക്കും സൗകര്യമൊരുക്കാന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഇതിനായി മതിയായ ലാബ് സൗകര്യമുള്‍പ്പടെയുള്ള ആശുപത്രികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കും. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ എന്നിവര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. സ്പീക്കര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ഒപി ഉള്‍പ്പടെ പ്രവര്‍ത്തിക്കേണ്ടതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നും സ്പീക്കര്‍ ഓര്‍മപ്പെടുത്തി. രോഗ വ്യാപനം തടയുന്നതിന് എല്ലാ വിഭാഗം ആളുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. രോഗ വ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം രോഗ ബാധിതര്‍ക്ക് മികച്ച ചികില്‍സ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികളുള്‍പ്പടെയുള്ളവര്‍ക്ക് പൊന്നാനിയിലെ മാതൃശിശു ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായ എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെയും മുഴുവന്‍ ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. പിന്നീട് ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് റാന്റമായി പരിശോധന നടത്തും. ഇതിനായി പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഇതിനുള്ള ഉപകരണങ്ങള്‍ ഉടന്‍ ജില്ലയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. വിവിധ മേഖലകളില്‍പ്പെട്ട ആളുകളെ പരിശോധിക്കുന്നതിലൂടെ സമൂഹവ്യാപനമുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എടപ്പാള്‍ മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധ മുന്‍കൂട്ടി കണ്ടെത്തുന്നതിന് വിവിധ മേഖലകളിലുള്ള 1,500 പേരുടെസ്രവ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുമായി പ്രൈമറി, സെക്കന്‍ഡറി ഇടപെടലുകളുണ്ടായി 14 ദിവസം പൂര്‍ത്തിയാകാത്ത ആശാവര്‍ക്കര്‍മാര്‍, കൊവിഡ് വളണ്ടിയര്‍മാര്‍, പോലിസ്, കച്ചവടക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ പരിശോധനയാണ് നടത്തുന്നത്. ഇതിന് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും ഇവരുടെ വീട്ടുകാരില്‍ നിന്നും തിരഞ്ഞെടുത്തവരുടെ സ്രവ/രക്ത സാമ്പിളുകള്‍ പരിശോധിക്കും. കൊവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കിയവര്‍ ഫലം വരുന്നത് വരെ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
ക്വാറന്റീന്‍ ലംഘനം നടത്തുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കുമെന്നും മന്ത്രി അറിയിച്ചു. വിദേശത്തു നിന്നെത്തുന്നവര്‍ക്കായി നത്തുന്ന റാപ്പിഡ് ടെസ്റ്റിന്റെ ഫലം നെഗറ്റീവായതിന്റെ അടിസ്ഥാനത്തില്‍ മാത്രം രോഗമില്ലെന്ന് കരുതരുത്. തുടര്‍ന്നുള്ള മറ്റ് പരിശോധനകളില്‍ ഫലം പോസിറ്റീവാകാനും സാധ്യതുണ്ട്. അതിനാല്‍ ക്വാറന്റീന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളവര്‍ സര്‍ക്കരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണം
എടപ്പാളിലും സമീപ പ്രദേശങ്ങളിലും കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തില്‍ ജൂണ്‍ അഞ്ച് മുതല്‍ എടപ്പാള്‍ ആശുപത്രി, ശുകപുരം ആശുപത്രി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസിലെ കണ്‍ട്രോള്‍ സെല്ലിലെ 0483 2733251, 2733252, 2733253 നമ്പറുകളിലാണ് വിവരമറിയിക്കേണ്ടത്.
ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള കൊവിഡ് രോഗലക്ഷണമുള്ളവരും ഈ നമ്പറുകളില്‍ വിവരമറിയിക്കണം. കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമെ തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാവു. സ്രവ പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും പരിശോധനാഫലം നെഗറ്റീവാകുന്നത് വരെ മറ്റുള്ളവരുമായി ഇടപഴകുന്നതും ഒഴിവാക്കണം. ആരോഗ്യം, പോലിസ് വകുപ്പുകള്‍ സംയുക്തമായി താലൂക്ക്തല സ്‌ക്വാഡ് നിരീക്ഷണം ശക്തമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി റഷീദ് ബാബു പങ്കെടുത്തു.