കൊവിഡ് മരണനിരക്കും ആരോഗ്യ സംവിധാനങ്ങളും; കശ്മീരില്‍ നിന്ന് ചില പാഠങ്ങള്‍

Update: 2021-05-23 05:34 GMT

രാജ്യത്തെ കൊവിഡ് മരണനിരക്ക് അപകടകരമായ നിലയിലേക്ക് കുതിക്കുകയാണ്. ഒന്നാം വ്യാപന സമയത്തെ അപേക്ഷിച്ച് മരണനിരക്ക് വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓക്‌സിജന്റെ അപര്യാപ്ത മൂലം നിരവധി പേര്‍ കഴിഞ്ഞ ആഴ്ചകളില്‍ ദയനീയമായി മരിച്ചു. ചികില്‍സ കിട്ടാതെ മരിച്ചവരും രോഗം സ്ഥിരീകരിക്കാതെ മരിച്ചവരും ധാരാളം. രണ്ടാം വ്യാപനം കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഗ്രാമീണ മേഖലയെയാണ്.

രോഗവ്യാപനത്തിനും രോഗം മൂലമുള്ള മരണത്തിനും നിരവധി കാരണങ്ങള്‍ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്‌സിജന്റെ അപര്യാപ്തത മുതല്‍ കൂടുതല്‍ മാരകമായ കൊവിഡ് വകഭേദം രൂപംകൊണ്ടതും കാരണമായി പറയുന്നു. കൂടുതല്‍ വാക്‌സിന്‍ നല്‍കിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞതായും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായും കണ്ടിട്ടുണ്ട്.

രോഗവ്യാപനവും മരണനിരക്കും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവരുന്ന ചില സൂചനകള്‍ കശ്മീരില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. മറ്റ് പ്രദേശങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇതൊരു അനുഭവമായി എടുക്കാവുന്നതാണ്.

ജമ്മുവിലെ അനുഭവം

കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടും ജമ്മുവില്‍, കശ്മീരിനെ അപേക്ഷിച്ച് മരണസംഖ്യ കൂടുന്നതായി കണക്കുകള്‍ പറയുന്നു. മാര്‍ച്ച് 2020 മുതല്‍ മാര്‍ച്ച് 31, 2021 വരെ 1.38 ശതമാനമായിരുന്നു കൊവിഡ് മരണനിരക്ക്. ഇതേ സമയത്ത് കശ്മീരില്‍ ഇത് 1.60ശതമാനമായിരുന്നു. എന്നാല്‍ രണ്ടാം തരംഗം തുടങ്ങിയതോടെ സ്ഥിതി മാറി. രോഗികളുടെ എണ്ണം കുറഞ്ഞിട്ടും ജമ്മുവിലെ മരണനിരക്ക് ഉയരാന്‍ തുടങ്ങി.

ഏപ്രില്‍ 1 മുതല്‍ മെയ് 17 വരെ ജമ്മു കശ്മീരില്‍ ആകെ 1,16,531 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ കശ്മീരില്‍ 73,000 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ജമ്മുവില്‍ 43,000 കേസുകളും റിപോര്‍ട്ട് ചെയ്തു. ഇതേ കാലയളവില്‍ കശ്മീരില്‍ 468 പേര്‍ മരിച്ചപ്പോള്‍ ജമ്മുവില്‍ അത് 756 ആയിരുന്നു. അതായത് മരണനിരക്ക് 1.80 ശതമാനം. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍. ദേശീയ ശരാശരി 1.11ശതമാനമായിരന്നു.

ജമ്മുവില്‍, കശ്മില്‍ നിന്നു വ്യത്യസ്തമായി ബി1.617 വൈറസ് വ്യാപിച്ചതാണ് മരണനിരക്ക് കൂടിയതെന്നാണ് ആദ്യം നല്‍കിയ വശദീകരണം. എന്നാല്‍ അതിനേക്കാള്‍ ജമ്മുവിലെ ആരോ്യസംവിധാനങ്ങളുടെ അപര്യപ്തതയാണ് കാരണമെന്ന് പിന്നീട് പുറത്തുവന്ന വിവരങ്ങള്‍ തെളിയിച്ചു.

ജമ്മുവില്‍ ആരോഗ്യ സംവിധാനങ്ങള്‍ മാത്രമല്ല, ആരോഗ്യമേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്ന സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും കുറവാണ്. ഇക്കാര്യത്തിലും കശ്മീരാണ് മുന്നില്‍.

ജമ്മു ഹരിയാനയും പഞ്ചാബും ഡല്‍ഹിയുമായും അടുത്തുകിടക്കുന്നതുകൊണ്ട് വ്യാപന സാധ്യത തുലോം കൂടുതലാണ്. അതുകൊണ്ടാണ് ജനിതകമാറ്റം സംഭവിച്ച കൊവിഡ് പെട്ടെന്ന് വ്യാപിച്ചത്. അതോടൊപ്പം ജമ്മുവിലെ ആരോഗ്യ സംവിധാനത്തിന്റെ അവസ്ഥ പരിതാപകരമായതും പ്രശ്‌നം രൂക്ഷമാക്കി.

ജമ്മുവിലെ ഗ്രാമീണ മേഖലയില്‍ നിന്ന് നഗരങ്ങളിലെ ആരോഗ്യസംവിധാനങ്ങളിലേക്ക് കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടിവരുന്നുണ്ട്. ഇത് കശ്മീരില്‍ തുലോം കുറവാണ്. ജമ്മുവിലെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലെ ആരോഗ്യ സംവിധാനങ്ങള്‍ കശ്മീരില്‍ മെച്ചപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ആരോഗ്യസംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നു.

ജമ്മു കശ്മീരില്‍ ആകെ 20 ജില്ലകളുണ്ട്. പത്തെണ്ണം ജമ്മുവിലും പത്തെണ്ണം കശ്മീരിലും. കശ്മീരിലാണ് ജനസംഖ്യയുടെ 55 ശതമാനവും ജീവിക്കുന്നത്. കശ്മീരിലെ ഏറ്റവും വിദൂരമായ ഗ്രാമങ്ങള്‍പോലും ജില്ലാ കേന്ദ്രവുമായി മെച്ചപ്പെട്ട രീതിയില്‍ ബന്ധപ്പെടുത്തിയിട്ടുണ്ട്. ശ്രീനഗറിലെ വലിയ ആശുപത്രികളിലേക്ക് എളുപ്പത്തില്‍ എത്താനും കഴിയും. ഇക്കാര്യത്തില്‍ ജമ്മു വളരെ പിന്നിലാണ്.

2018ലെ ഒരു കണക്കുപ്രകാരം ജമ്മുവിലെ 259 ആരോഗ്യ കേന്ദ്രങ്ങളിലെ 75 എണ്ണത്തില്‍ മാത്രമേ ഡോക്ടര്‍മാരുള്ളൂ. ജമ്മുവിലെ ആരോഗ്യസംവിധാനങ്ങള്‍ മുഴുവന്‍തന്നെ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. കശ്മീരില്‍ നിരവധി ആരോഗ്യകേന്ദ്രങ്ങള്‍ ഗ്രാമീണ മേഖലിയിലുള്ളതുകൊണ്ട് ശ്രീനഗറിലെ ആശുപത്രികളില്‍ സമ്മര്‍ദ്ദം കുറവാണ്. ഇതും കശ്മീരിലെ മരണനിരക്ക് കുറയാന്‍ സഹായിച്ചു.

ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങല്‍ നല്‍കുകയാണെങ്കില്‍ മരണനിരക്ക് കുറയുമെന്നാണ് ജമ്മുവിന്റെയും കശ്മീരിന്റെയും അനുഭവം തെളിയിക്കുന്നത്. കേരളത്തെപ്പോലുള്ള നഗരസമാനമായ ഗ്രാമങ്ങളില്‍ മരണ നിരക്ക് കുറയുന്നതിനു പിന്നില്‍ ഇത് കാണാം. സ്വകാര്യ ആശുപത്രികളുടെ ധാരാളിത്തം ഇക്കാര്യത്തില്‍ കേരളത്തില്‍ തുണയായി. സര്‍ക്കാര്‍ ആശുപത്രികളിലെ അധിക സമ്മര്‍ദ്ദം ഇത് കുറയാന്‍ ഇടയാക്കി.

ആരോഗ്യസംവിധാനങ്ങളുടെ വികേന്ദ്രീകരണവും ആരോഗ്യപ്രവര്‍ത്തകരുടെ ലഭ്യതയും രോഗപ്രതിരോധത്തെ മെച്ചപ്പെട്ടതാക്കുമെന്ന് കശ്മീരിന്റെയും ജമ്മുവിന്റെയും അനുഭവം തെളിയിക്കുന്നു. ഇതൊരു പാഠമായി നാം എടുക്കേണ്ടതാണ്.

Similar News