കൊവിഡ്: അഞ്ചില്‍ കൂടുതല്‍ കൊവിഡ് രോഗികളുള്ള ഹൗസിങ് സൊസൈറ്റികള്‍ അടച്ചിടുമെന്ന് മുംബൈ മേയര്‍
മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണ നടപടികളുമായി മുംബൈ മേയര്‍. ഏതെങ്കിലും ഹൗസിങ് കോളനികളില്‍ അഞ്ചില്‍ കൂടുതല്‍ കൊവിഡ് രോഗികളുണ്ടെങ്കില്‍ അവ താല്‍ക്കാലികമായി അടച്ചിടുമെന്ന് മേയര്‍ കിശോരി പട്‌നാകര്‍ പ്രഖ്യാപിച്ചു.
മാര്‍ച്ച് 28ാം തിയ്യതി പത്തു മണി മുതല്‍ പതിനൊന്നു മണി വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു. രാത്രി സമയത്ത് അവശ്യസേവനങ്ങളൊഴിച്ച് മറ്റൊന്നിനും അനുമതി നല്‍കില്ല. പബ്ബുകളും സമാനമായ സ്ഥാപനങ്ങളും തുറക്കാനനുവദിക്കില്ല. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ അത്തരം ഹൗസിങ് സൊസൈറ്റികള്‍ താല്‍ക്കാലികമായി പൂട്ടിയിടും. കൂടുതല്‍ കുടുംബങ്ങള്‍ കൂട്ടമായി താമസിക്കുന്ന ചേരികളിലുള്ളതിനേക്കാള്‍ പോസിറ്റിവിറ്റി നിരക്ക് ഫ്‌ലാറ്റുകളിലാണ് കാണുന്നതെന്നും മേയര്‍ പറഞ്ഞു.
ഏപ്രില്‍ 15ാം തിയ്യതി വരെ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മിഷന്‍ ബിഗിന്‍ എഗെയ്ന്‍ എന്നാണ് കൊവിഡ് നിയന്ത്രണപരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്.
മഹാരാഷ്ട്രയില്‍ 36,902 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 17,019 പേര്‍ രോഗമുക്തരായി. 112 പേര്‍ മരിച്ചു.