'ദാദയോട് കളിച്ചാല്‍ പ്രത്യാഘാതമുണ്ടാവും'; മുംബൈ മേയര്‍ക്കും കുടുംബത്തിനും വധഭീഷണി
മുംബൈ: ശിവസേനാ നേതാവും മുംബൈ മേയറുമായ കിഷോരി പേഡ്‌നേക്കറിനും കുടുംബത്തിനും വധഭീഷണി. 'ദാദ'യുമായി കലഹിച്ചാല്‍ പ്രത്യാഘാതമുണ്ടാവുമെന്നാണ് കത്തിലെ മുന്നറിയിപ്പ്. മറാത്തി ഭാഷയില്‍ എഴുതിയ ഭീഷണിക്കത്താണ് ലഭിച്ചത്. സംഭവത്തെത്തുടര്‍ന്ന് മേയര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബൈക്കുള പോലിസ് സ്റ്റേഷനിലെ ഉദ്യോസ്ഥര്‍ മേയറുടെ വസതിയിലെത്തി കുടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ വര്‍ഷവും കിഷോരി പേഡ്‌നേക്കറിനെ തേടി ഭീഷണി സന്ദേശമെത്തിയിരുന്നു.
ഗുജറാത്തിലെ ജാംനഗറില്‍നിന്ന് ഫോണ്‍ വിളിച്ച് മേയറെ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയത്. മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോണ്‍ വിളിച്ചയാളെ പോലിസ് ഗുജറാത്തില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മേയര്‍ക്കെതിരേ ബിജെപി നേതാവ് നടത്തിയ ആക്ഷേപകരമായ പരാമര്‍ശത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് പുതിയ ഭീഷണി സന്ദേശം പുറത്തുവരുന്നത്.
അടുത്തിടെ വാര്‍ളിയില്‍ നടന്ന സിലിണ്ടര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ആശിഷ് ഷെലാര്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് വസ്തുതാപരമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ മുംബൈ പോലിസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ രൂപാലി ചക്കങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. 2019 നവംബറിലാണ് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ മേയറായി പേഡ്‌നേക്കര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയും കോണ്‍ഗ്രസും എന്‍സിപിയും സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതിനാല്‍ മേയറും ഡെപ്യൂട്ടി മേയര്‍ സുഹാസ് വാഡ്കരന്ദും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.