കുംഭമേളയില്‍ പങ്കെടുത്തവര്‍ പ്രസാദം പോലെ കൊറോണ വിതരണം ചെയ്യുന്നു: രൂക്ഷവിമര്‍ശനവുമായി മുംബൈ മേയര്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുകയും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്തവരില്‍ വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് രൂക്ഷവിമര്‍ശനവുമായി മുംബൈ മേയര്‍ രംഗത്തുവന്നത്.

Update: 2021-04-17 10:29 GMT

ന്യൂഡല്‍ഹി: കുംഭമേളയില്‍ പങ്കെടുത്ത തീര്‍ത്ഥാടകര്‍ പ്രസാദം പോലെ കൊറോണ വൈറസ് വിതരണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുകയും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്തവരില്‍ വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് രൂക്ഷവിമര്‍ശനവുമായി മുംബൈ മേയര്‍ രംഗത്തുവന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കണ്ടെത്തിയത് മഹാരാഷ്ട്രയിലാണ്. ഇതില്‍ ഭൂരിഭാഗവും മുംബൈയിലുമാണ്.

നഗരത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ചിലര്‍ വിമുഖത കാണിക്കുകയാണെന്ന് മുംബൈ മേയര്‍ കുറ്റപ്പെടുത്തിയിരുന്നു. അതുകൊണ്ട് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതൊക്കെ പരാമര്‍ശിച്ചുകൊണ്ടാണ് കുംഭമേളയില്‍ പങ്കെടുത്തവര്‍ കൊവിഡ് പടര്‍ത്തുന്നുവെന്ന് മേയര്‍ ചൂണ്ടിക്കാട്ടിയത്. കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ കൊറോണ വൈറസിനെ പ്രസാദം എന്ന പോലെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്ന് അവര്‍ പറഞ്ഞു. കുംഭമേളയില്‍ പങ്കെടുത്ത് തിരികെ മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും.

ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ചെലവ് അവര്‍ വഹിക്കുകയും വേണം. കാരണം, കുംഭമേളയില്‍ പങ്കെടുത്ത് തിരികെയെത്തുന്ന തീര്‍ത്ഥാടകര്‍ വൈറസിനെ പ്രസാദം പോലെ കൂടെ കൊണ്ടുവരികയാണ്. ഈ ആളുകളെല്ലാം അവരുടെ സ്വന്തം ചെലവില്‍ അതത് സംസ്ഥാനങ്ങളില്‍ ക്വാറന്റൈനില്‍ പോവണം. അധികാരികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മേയര്‍ വ്യക്തമാക്കുന്നു. കുംഭമേളയുടെ ഭാഗമായി ഗംഗാതീരത്ത് പതിനായിരക്കണക്കിന് തീര്‍ത്ഥത്താടകരാണ് തടിച്ചുകൂടിയത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഇത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.

കുംഭമേളയില്‍ പങ്കെടുത്ത ആയിരക്കണക്കിനാളുകള്‍ക്ക് രോഗബാധ റിപോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കുംഭമേളയിലെ ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ചാണ് കുംഭമേള ചടങ്ങുകള്‍ ചുരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം, മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 63,729 കൊവിഡ് കേസുകളും 398 മരണവുമാണ് റിപോര്‍ട്ട് ചെയ്തത്.

Tags:    

Similar News