വീണ്ടും കൊവിഡ് വ്യാപനം; കൂടുതല്‍ നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര

Update: 2021-02-19 04:53 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ഉയരുന്നതിനെ തുടര്‍ന്ന് രോഗബാധിത മേഖലകളില്‍ കര്‍ക്കശ നിലപാടുമായി മഹാരാഷ്ട്ര സര്‍ക്കാര്‍.നിലവിന്‍ മറ്റു സംസ്ഥനങ്ങളെക്കാളും മഹാരാഷ്ട്ര വീണ്ടും രോഗികളുടെ എണ്ണത്തില്‍ ഒന്നാമതെത്തിയതോടെയാണിത്. ഇന്നലെ സംസ്ഥാനത്ത് 5,427 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അതില്‍ 736 എണ്ണവും മുംബൈയിലാണ്.

പുതിയ മാനദണ്ഡപ്രകാരം ഒരു കെട്ടിടത്തില്‍ അഞ്ച് കോവിഡ് ബാധിതരുണ്ടെങ്കില്‍ കെട്ടിടം സീല്‍ ചെയ്യും. ഹോം ക്വാറന്റൈനിലുള്ളവരുടെ കയ്യില്‍ മുദ്ര പതിപ്പിക്കും. മാസ്‌ക് ഇല്ലാതെ ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ 300 സെക്യുരിറ്റി ജീവനക്കാരെ നിയമിക്കും. കൂടാതെ, നിയമലംഘകരെ നിരീക്ഷിക്കാന്‍ കൂടുതല്‍ സെക്യുരിറ്റി ജീവനക്കാരെ വയ്ക്കുമെന്ന് മുംബൈ കോര്‍പറേഷന്‍ കമ്മീഷണര്‍ ഐ.എസ് ചഹല്‍ പറഞ്ഞു.

മുംബൈ നഗരത്തില്‍ കൂടുതല്‍ കോവിഡ് വ്യാപനമുണ്ടാകാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. പുതിയ മാര്‍ഗരേഖ പ്രകാരം, എല്ലാ പൊതു ഇടങ്ങളിലും മാസ്‌ക് ധരി്‌ക്കേണ്ടത് നിര്‍ബന്ധമാക്കി. മാസ്‌ക് ഇല്ലാത്തവര്‍ക്ക് 200 രൂപ പിഴ ചുമത്തും. വിവാഹ ഹാളുകള്‍, ക്ലബുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാന്‍ മിന്നല്‍ പരിശോധന നടത്തും. മാസ്‌ക് ധരിക്കാതെ ഒരു ഒത്തുചേരലുകളും അനുവദിക്കില്ല.

ലോക്കല്‍ ട്രെയിനുകളില്‍ അടക്കം പൊതുഗതാഗതം ഉപയോഗിക്കുന്നവരെല്ലാം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കുടുതല്‍ രോഗികളെ കണ്ടെത്തുന്ന ഇടങ്ങളില്‍ പരിശോധനകള്‍ കൂട്ടുമെന്നും കമ്മീഷണര്‍ അറിയിച്ചു. അതേസമയം, അമരാവതി ജില്ലയില്‍ ആഴ്ചാവസാനം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ്. ശനിയാഴ്ച വൈകിട്ട് 8 മുതല്‍ തിങ്കളാഴളച രാവിലെ 7 വരെയാണ് ലോക്ഡൗണ്‍. എന്നാല്‍ അത്യാവശ്യ സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല. ഹോട്ടലുകള്‍ക്കും മറ്റും രാത്രി എട്ടു മണിവരെയെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവൂവെന്നും കലക്ടര്‍ ശൈലേഷ് നേവല്‍ പറഞ്ഞു.

Similar News